Entertainment news
സിനിമയില്‍ ഉടനെ വരുമെന്ന് ജയസൂര്യ പറഞ്ഞു, അന്ന് ഞാന്‍ സീരിയലില്‍ അഭിനയിക്കുകയായിരുന്നു: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 03, 06:24 am
Saturday, 3rd December 2022, 11:54 am

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ നടന്‍ ജയസൂര്യ വിളിച്ചിരുന്നുവെന്നും, സിനിമയില്‍ ഉറപ്പായും വരുമെന്നും പറഞ്ഞെന്ന് നടി നമിത പ്രമോദ്. ആ സമയത്ത് താന്‍ സീരിയലില്‍ അഭിനയിക്കുയായിരുന്നുവെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ സിനിമയിലൊക്കെ വരുന്നതിന് മുമ്പ് എന്നെ വിളിച്ച് ആദ്യമായി അഭിനന്ദിച്ചത് ജയേട്ടനാണ്. അന്ന് ഞാന്‍ സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ജയേട്ടന്‍ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. ഞാന്‍ ജയസൂര്യയാണ് നമിതയുടെ കയ്യില്‍ ഫോണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. അങ്ങനെ അച്ഛന്‍ എന്റെ കയ്യില്‍ ഫോണ്‍ തന്നു.

 

ഞാന്‍ ജയേട്ടനോട് അന്ന് ആദ്യമായി സംസാരിച്ചു. ഞാന്‍ വര്‍ക്കൊക്കെ കാണുന്നുണ്ട്. നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു. സിനിമയില്‍ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും നന്നായിട്ടുണ്ട് മോളെ എന്നും പറഞ്ഞു. എനിക്ക് അത് വലിയ സന്തോഷമായിരുന്നു.

അതിനുശേഷം ജയേട്ടന്റെ കൂടെ അഭിനയിക്കുന്ന ചിത്രം അമര്‍ അക്ബര്‍ അന്തോണിയായിരുന്നു. എന്നാല്‍ അതിന് മുമ്പ് പല സ്ഥലത്ത് വെച്ചും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും ജയേട്ടന്‍ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. ജയേട്ടന്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും അങ്ങനെ തന്നെയാണ്,’ നമിത പറഞ്ഞു

നാദിര്‍ഷ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം. ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു അന്ന് സിനിമക്ക് ലഭിച്ചത്.

നാദിര്‍ഷയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈശോയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം ഒക്ടോബറില്‍ സോണി ലിവിലൂടെയാണ് സിനിമ ഇറങ്ങിയത്. സിനിമയുടെ സ്ട്രീമിങ് അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തന്നെ പല റെക്കോഡുകളും പിന്നിട്ടിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലിവില്‍ കണ്ട സിനിമ എന്ന നേട്ടവും അന്ന് സ്വന്തമാക്കിയിരുന്നു.

content highlight: naitha pramod share her memories with actor jayasurya