'ഈ ദശാബ്ദത്തില്‍ കേട്ട ഏറ്റവും മികച്ച പാട്ട്'; അത് ഇളയരാജയുടേതല്ല; എ.ആര്‍ റഹ്‌മാനെ കുറിച്ച് മിഷ്‌കിന്
Film News
'ഈ ദശാബ്ദത്തില്‍ കേട്ട ഏറ്റവും മികച്ച പാട്ട്'; അത് ഇളയരാജയുടേതല്ല; എ.ആര്‍ റഹ്‌മാനെ കുറിച്ച് മിഷ്‌കിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 12:04 pm

തമിഴ് സിനിമയില്‍ വ്യത്യസ്തമായ മേക്കിങ് കൊണ്ട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് മിഷ്‌കിന്‍. സംവിധാനത്തിന് പുറമെ അഭിനയത്തിലും മിഷ്‌കിന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഓനായും ആട്ടിന്‍കുട്ടിയും എന്ന ചിത്രം സംവിധാനം ചെയ്ത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വലിയ രീതിയില്‍ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ഹിറ്റ് ലിസ്റ്റ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ മിഷ്‌കിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താന്‍ അടുത്തിടെ കേട്ട് അഡിക്റ്റായ പാട്ടിനെക്കുറിച്ചാണ് മിഷ്‌കിന്‍ പറഞ്ഞത്. ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ അമര്‍ സിങ് ചംകീല എന്ന സിനിമയിലെ വിദാ കരൂ എന്ന പാട്ടിനെക്കുറിച്ചാണ് മിഷ്‌കിന്‍ സംസാരിച്ചത്.

കഴിഞ്ഞ പത്ത് ദിവസമായി താന്‍ ഈ പാട്ട് കേള്‍ക്കുകയാണെന്നും എ.ആര്‍ റഹ്‌മാന്റെ സംഗീതം തന്നെ മറ്റൊരു ലോകത്തിലെത്തിച്ചെന്നും ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച പാട്ട് ഇതാണെന്നും മിഷ്‌കിന്‍ പറഞ്ഞു. ഇളയരാജയുടെ കടുത്ത ആരാധകന്‍ എ. ആര്‍ റഹ്‌മാനെപ്പറ്റി പറഞ്ഞ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘അമര്‍ സിങ് ചംകീല എന്ന സിനിമ കണ്ടു. അതിലെ വിദാ കരൂ എന്ന പാട്ട് പത്ത് ദിവസമായി കേട്ടുകൊണ്ടിരിക്കുകയാണ്. എന്തൊരു കമ്പോസിഷനാണ് അത്. എ.ആര്‍ റഹ്‌മാന്‍ എന്ന ജീനിയസിന്റെ വൈഭവം ഈ പാട്ടിലൂടെ അറിയാന്‍ സാധിച്ചു. പാട്ട് കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് പോയി. അന്ന് പൊങ്കലിന്റെ സമയത്ത് എല്ലാ വീടുകളിലും വെള്ള പൂശുമായിരുന്നു.

ആ സമയത്ത് നമ്മള്‍ കാണുന്നത് മുഴുവന്‍ വെള്ളയായിരിക്കും. ആകെ അഴുക്ക് ഉണ്ടാവുക നമ്മുടെ മനസില്‍ മാത്രമാണ്. അതിനെയും ഇല്ലാതാക്കുന്ന സംഗീതമാണിത്. ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച പാട്ടാണിത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്, നിങ്ങള്‍ അമ്പലത്തില്‍ പൊയ്‌ക്കൊള്ളൂ, പള്ളികളില്‍ പൊയ്‌ക്കൊള്ളൂ, പക്ഷേ ഇടയ്ക്ക് തിയേറ്ററിലും പോവുക. കാരണം അവിടെയും ഇതുപോലെ ദൈവികമായ അനുഭൂതി നിങ്ങള്‍ക്ക് ലഭിക്കും,’ മിഷ്‌കിന്‍ പറഞ്ഞു.

താന്‍ ഇളയരാജയുടെ കടുത്ത ആരാധകനാണെന്നും എ.ആര്‍ റഹാമാന്‍ ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും താന്‍ റഹ്‌മാന്റെ പാട്ട് കേള്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മിഷ്‌കിന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ മിഷ്‌കിനെ തന്നെ തന്റെ സംഗീതത്തിന് അഡിക്റ്റാക്കിയ റഹ്‌മാന്റെ സംഗീത വൈഭവമാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.

Content Highlight: Mysskin praises A R Rahman for the song in Amar Singh Chamkila