ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ; വിവാദങ്ങള്‍ക്കിടെ ഡബ്ല്യൂ സി സിയെ കവര്‍ ഫോട്ടോ ആക്കി പാര്‍വതി
Malayalam Cinema
ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ; വിവാദങ്ങള്‍ക്കിടെ ഡബ്ല്യൂ സി സിയെ കവര്‍ ഫോട്ടോ ആക്കി പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th July 2020, 11:10 pm

കൊച്ചി: വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി നടി പാര്‍വ്വതി. ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യൂ.സി.സി എന്ന് എഴുതിയ ചിത്രം കവര്‍ ചിത്രമാക്കി കൊണ്ടാണ് പാര്‍വതി വിവാദങ്ങളോട് പ്രതികരിച്ചത്.

ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന് എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ പാര്‍വതി പോസ്റ്റ് ചെയ്തു.

ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യൂ സി സി എന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും ആരോപണവുമായി സംവിധായിക വിധു വിന്‍സെന്റ് രംഗത്ത് എത്തിയിരുന്നു.

സ്റ്റാന്‍ഡ് അപ് സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതിയെ സമീപിച്ച സമയങ്ങളില്‍ അവര്‍ തന്നെ അപമാനിച്ചുവെന്നും വിധുവിന്‍സെന്റ് ആരോപിച്ചു.

ഡബ്ല്യു.സി.സി വിട്ട് പോരുന്നതുമായി ബന്ധപ്പെട്ട് സംഘനയ്ക്കെഴുതിയ കത്തും സംവിധായിക പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഡബ്ല്യു.സി.സി യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷവും പലരും തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ അഴിച്ച് വിടുകയും പരസ്യമായി വ്യക്തിഹത്യ നടത്തുന്നുവെന്നും വിധു വിന്‍സെന്റ് ആരോപിച്ചു.

ഡബ്ല്യു.സി.സിയില്‍ വരേണ്യ ധാര്‍ഷ്ട്യമെന്നും വിധു വിന്‍സെന്റ് പറഞ്ഞു. ബി. ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചത് ചോദ്യം ചെയ്തുവെന്നും അതേസമയം മറ്റു സിനിമകളില്‍ ദിലീപുമായി ബന്ധമുള്ളവരോ ദിലീപിനെ പിന്തുണച്ചവരോ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കൊപ്പം അഭിനയിച്ചത് ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ എന്നും വിധു വിന്‍സെന്റ് ചോദിച്ചിരുന്നു.

കോസ്റ്റ്യൂ ഡിസൈനര്‍ സ്റ്റെഫി സേവ്യറും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഡബ്ല്യു.സി.സിക്കും സംവിധായകയ്ക്കുമെതിരെ ആരോപണവുമായി ഫേസ്ബുക്ക് വഴിയായിരുന്നു സ്റ്റെഫി രംഗത്ത് എത്തിയത്. ഡബ്ല്യു.സി.സി നേതൃത്വത്തിലുള്ള വനിതാ സംവിധായകയുടെ സിനിമയില്‍ പ്രവൃത്തിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ തന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും ചെയ്തെന്നും സ്റ്റെഫി ആരോപിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ