കണ്ണൂര്‍: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ലെന്നും പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന്‍ വിശ്വാസത്തിലെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിച്ചുമുന്നോട്ടുപോകുന്നതാണ് കോണ്‍ഗ്രസ് ശൈലി.തനിക്ക് ഒരു പ്രത്യേക ഗ്രൂപ്പെന്നത് ഭാവനാസൃഷ്ടിയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസാണ് തന്റെ ഗ്രൂപ്പ്. ജനാധിപത്യശൈലിയുളള എതിരഭിപ്രപായങ്ങള്‍ സ്വീകരിക്കും. ഉമ്മന്‍ ചാണ്ടിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ ഉണ്ടായ വിവാദങ്ങളില്‍ എടുത്ത നടപടികളില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കെ.സി. വേണുഗോപാല്‍ പിന്തുണ നല്‍കുകകയും ചെയ്തു.
കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് മാറ്റം വരുത്തണമെന്ന് കെ. സുധാകരന്‍ പറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. സ്വന്തം നേതാക്കളെ തരംതാഴ്ത്തി കാട്ടാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
അതേസമയം ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കെ.പി.സി.സി പുന:സംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തും.
ഡി.സി.സി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക.
പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് നേരത്തെ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്.