ഡീസല്‍ അടിക്കാന്‍ പണമില്ല; എം.വി.ഡിയുടെ വാഹനങ്ങള്‍ കട്ടപ്പുറത്താകുന്ന സ്ഥിതി
Kerala News
ഡീസല്‍ അടിക്കാന്‍ പണമില്ല; എം.വി.ഡിയുടെ വാഹനങ്ങള്‍ കട്ടപ്പുറത്താകുന്ന സ്ഥിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 4:25 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ പല സ്റ്റേഷനുകളിലും ഇന്ധനം അടിക്കാന്‍ പണമില്ലാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍. ഇതുവരെയുള്ള കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നല്‍കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ നിലപാടെടുത്തു. ഇതോടെ എം.വി.ഡി ഉപയോഗിക്കുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കട്ടപ്പുറത്താകുന്ന അവസ്ഥയിലാണ്. ട്രഷറിയില്‍ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ തുകയാണ് ജില്ലയിലെ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരൂരങ്ങാടിയില്‍ 85,000 രൂപയും തിരൂരില്‍ 93,000 രൂപയുമാണ് ഡീസലടിച്ച കുടശ്ശികയില്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനുള്ളതെന്നാണ് 24 ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലയിലെ മറ്റ് ഓഫീസുകളിലെയും അവസ്ഥ സമാനമാണ്.

മലപ്പുറം ആര്‍.ടി.ഒയുടെ പരിധിയില്‍ ഏഴ് ഓഫീസുകളാണുള്ളത്. ഇതില്‍ എം.വി.ഡിക്കായി ഏഴ് വാഹനങ്ങളും ഉണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ഡീസലിന്റെ പണം കുടിശ്ശികയായതിനാല്‍ എം.വി.ഡിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, നിലവില്‍ കൂടുതല്‍ ജില്ലകളിലും ഇലക്ട്രിക് വാഹനങ്ങളാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. പ്രധാന ഉദ്യോഗസ്ഥര്‍ മാത്രമാണ് ഡീസല്‍ വാഹനങ്ങള്‍ യാത്രക്കുപയോഗിക്കുന്നത്.