കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ സംഘത്തില്‍ ഡി.എഫ്.ഒ. പി. ധനേഷ് കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. വനം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ധനേഷിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
കൂടുതല്‍ ചുമതലകളോടെയാണ് ധനേഷ് കുമാറിനെ തിരികെയെടുത്തിരിക്കുന്നത്. ഉത്തരമേഖലയുടെ അന്വേഷണ ചുമതല ധനേഷ് കുമാറിനായിരിക്കും.
ധനേഷ് കുമാറിനെ നേരത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു. പകരം പുനലൂര്‍ ഡി.എഫ്.ഒ. ബൈജു കൃഷ്ണനായിരുന്നു ചുമതല.
എന്നാല്‍ ധനേഷ് കുമാറിനെ മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്.
അന്വേഷണ സംഘത്തില്‍ നിന്നും ഉദ്യോഗസ്ഥനെ മാറ്റിയെങ്കില്‍ അക്കാര്യം അന്വേഷിക്കും. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ ധനേഷ് കുമാര്‍ അന്വേഷണ സംഘത്തിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്തി, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി റദ്ദാക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.