തട്ടം പരാമര്‍ശം, അനില്‍കുമാര്‍ മാപ്പ് പറയണം; മുസ്‌ലിം സംഘടനാ നേതാക്കള്‍
Kerala News
തട്ടം പരാമര്‍ശം, അനില്‍കുമാര്‍ മാപ്പ് പറയണം; മുസ്‌ലിം സംഘടനാ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 11:50 pm

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്ന സി.പി.ഐ.എം നേതാവ് കെ. അനില്‍കുമാറിന്റെ പ്രസ്താവനക്കെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍.

മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിന്‍വലിച്ച് കെ. അനില്‍കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അനില്‍കുമാറിന്റെ പരാമര്‍ശത്തെ തള്ളിപറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.ഐ.എം തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മലപ്പുറത്തെ പെണ്ണുങ്ങളേക്കാള്‍ മുസ്‌ലിങ്ങളേക്കാള്‍ ഹിജാബ് പാലിക്കുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള കണ്ണൂരും കാസര്‍കോടുമാണെന്നായിരുന്നു ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് മുസ്‌ലിങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ് കാംപസുകളില്‍ തട്ടമിട്ട ഉമ്മച്ചിക്കുട്ടികള്‍ വിരളമായിരുന്നുവെങ്കില്‍ ഇന്നതിന്റെ നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാര്‍ട്ടിയുമല്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

അനില്‍കുമാറിന്റെ പ്രസംഗത്തിലുടെ മതരഹിതമായ സമൂഹമാണ് സി.പി.ഐ.എം ലക്ഷ്യം വെക്കുന്നതെന്ന് മനസിലാക്കാമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു.

യുക്തിവാദികളെക്കാള്‍ മുസ്‌ലിം സമുദായത്തെ മതവിരുദ്ധരാക്കാന്‍ പണിയെടുക്കുന്നത് സി.പി.ഐ.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാണെന്നും ടി.കെ. അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അനില്‍കുമാറിന്റെ പ്രസംഗം തികഞ്ഞ മുസ്‌ലിം വിരുദ്ധത പരാമര്‍ശമാണെന്ന് ഇസ്‌ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

അനില്‍കുമാര്‍ നാസ്തികനാണെങ്കില്‍ അദ്ദേഹത്തിന്ന് അത് പറയാം. എന്നാല്‍ മുസ്‌ലിങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കലാണ് പാര്‍ട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Muslim organization leaderes against CPIM leader K. Anilkumar’s statement