കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെ മുസ്‌ലിം ലീഗ് നിയമസഭയില്‍ എതിര്‍ത്തിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പുറത്ത്. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് ലീഗ് എം.എല്‍.എ പി. ഉബൈദുള്ള നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് സിറാജ് ദിനപത്രം പുറത്തുവിട്ടു.
വഖഫ് ബോര്‍ഡിലെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷം പി.എസ്.സിക്ക് വിടാമെന്നാണ് ലീഗ് നിലപാടായി ഉബൈദുള്ള പറയുന്നത്.
താല്‍ക്കാലികക്കാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവരെ സ്ഥിരപ്പെടുത്തിയ ശേഷം പിന്നീടുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന രീതിയില്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഉചിതമെന്നുമാണ് ഉബൈദുള്ള പറയുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി നാമമാത്രമായവര്‍ ഒഴികെ താല്‍ക്കാലികക്കാരെ വെച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നതെന്നും പി. ഉബൈദുള്ള വ്യക്തമാക്കുന്നു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് മുസ്‌ലിം ലീഗ്. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലിയും നടത്തിയിരുന്നു.
നിയമനം പി.എസ്.സിക്ക് വിടുന്നതിനെ പാര്‍ട്ടി നിയമസഭയില്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ഈ റാലിയില്‍ പറഞ്ഞിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി വഖഫ് മന്ത്രിയായിരിക്കെയാണ് 2016ല്‍ വഖഫ് ഭേദഗതിക്ക് അനുമതി നല്‍കിയത്.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.