Kerala
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കിയത് വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jun 21, 06:45 am
Friday, 21st June 2013, 12:15 pm

[]തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചത് വിവാദമാകുന്നു.

1957 ലെ മുസ്ലിം വിവാഹനിയമം, 2006 ലെ ശൈശവവിവാഹനിരോധന നിയമം എന്നിവയെ മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് പുറത്തിറക്കിയത്. []

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയുളള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്.

പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

ഇതുമൂലം രജിസ്റ്റര്‍ ചെയ്യാതെ പോയ നിരവധി വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കുമെന്നും അതുവഴി പല കുടുംബങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നാണ് ഇവരുടെ പക്ഷം.

വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും തദ്ദേശപ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് നിര്‍ദേശിച്ചു.

എന്നാല്‍, ഈ സര്‍ക്കുലറിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ശൈശവ വിവാഹമെന്ന ക്രിമിനല്‍ കുറ്റം മുസ്ലീം സമുദായത്തില്‍ മാത്രമല്ല മറിച്ച് മറ്റ് മതങ്ങളിലും നടക്കുന്നുണ്ടെന്നും എന്നാല്‍ മുസ്ലീം സമുദായത്തെ മാത്രം ശൈവശവ വിവാഹത്തിന്റെ ഗണത്തില്‍ പെടുത്തുന്നത് തെറ്റാണെന്നും സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാര്‍  വിലയിരുത്തുന്നു.

അതുമാത്രമല്ല വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തെ ഈ നടപടി പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ഈ തീരുമാനം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഉത്തരവ് നിയമമല്ല എന്നായിരുന്നു വനിതാകമ്മീഷന്‍ പ്രതിനിധിയുടെ പ്രതികരണം. സര്‍ക്കുലറിലൂടെ മുസ്ലീം പെണ്‍കുട്ടികളുടെ അവകാശ നിഷേധമാണ് നടക്കുകയെന്നും വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

വിവാഹപ്രായം 16 ആക്കി കുറച്ച നടപടിയില്‍ സര്‍ക്കാരിനകത്ത് തന്നെ വിയോജിപ്പുള്ളവര്‍ ഉണ്ട്. സര്‍ക്കാരിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞത്.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക