ലൂസിഫറിന് ശേഷം പൃഥ്വിരാജില്‍ വന്ന മാറ്റം; പിന്നില്‍ മോഹന്‍ലാലിന്റെ ഇന്‍ഫ്‌ളുവെന്‍സ്: മുരളി ഗോപി
Movie Day
ലൂസിഫറിന് ശേഷം പൃഥ്വിരാജില്‍ വന്ന മാറ്റം; പിന്നില്‍ മോഹന്‍ലാലിന്റെ ഇന്‍ഫ്‌ളുവെന്‍സ്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 12:23 pm

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റാക്കിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെപ്പോലെ ഒരു മുതിര്‍ന്ന താരത്തെ ആദ്യ ചിത്രത്തില്‍ തന്നെ ഡയറക്ട് ചെയ്യാനുള്ള ഭാഗ്യവും പൃഥ്വിക്ക് ലഭിച്ചു.

മോഹന്‍ലാല്‍ എന്ന നടന്‍ ഏതൊക്കെ തരത്തിലാണ് തന്നേയും പൃഥ്വിയേയുമൊക്കെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തതെന്ന് പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി.

ലൂസിഫര്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ രാജുവിന് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പല മാനറിസങ്ങളും സ്വഭാവത്തിലുമൊക്കെ ആ മാറ്റം പ്രകടമായിരുന്നെന്നാണ് അറിഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍ താങ്കള്‍ ലാലേട്ടനില്‍ നിന്ന് ഏതെങ്കിലും കാര്യത്തില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളി ഗോപി.

‘ലാലേട്ടന്റെ വര്‍ക്കിനോടുള്ള അപ്രോച്ച്, സിംപ്‌ളിസിറ്റി, ഡിസിപ്ലിന്‍ അതൊക്കെ ഇന്‍സ്പയറിങ് ആണ്. ഫസ്സി ആവാതിരിക്കുക എന്നതിലാണ് കാര്യം. ലാലേട്ടനെയൊക്കെ ഏത് സ്ഥലത്ത് കൊണ്ടുവന്നാലും ആ സ്ഥലവുമായി അദ്ദേഹം അഡ്ജസ്റ്റ് ആവും.

ഭ്രമരം തൊട്ട് ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. പണ്ട് കേട്ടിട്ടുമുണ്ട്. ഏത് ടെറെയിനും, എത്ര കഷ്ടപ്പാടുള്ള സ്ഥലമാണെങ്കിലും, സൗകര്യങ്ങള്‍ ഇല്ലെങ്കിലും പരാതി പറയാതെ യൂണിറ്റിലുള്ള മറ്റാരേയും പോലെ ഇരിക്കുന്ന ആളാണ് ലാലേട്ടന്‍. അത് ഭയങ്കര ഇന്‍സ്പയറിങ് ആണ്.

അദ്ദേഹത്തെപ്പോലെ ഇത്രയും വലിയ സ്റ്റാര്‍ ആയ ഒരാള്‍ ഈ രീതിയില്‍ പെരുമാറുന്നത് കൂടെ നില്‍ക്കുന്നവര്‍ക്കും വര്‍ക്ക് ചെയ്യുന്നവര്‍ക്കും തീര്‍ച്ചയായും ഇന്‍സ്പയറിങ് ആണ്,’ മുരളി ഗോപി പറഞ്ഞു.

പൃഥ്വിരാജുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും മുരളി ഗോപി അഭിമുഖത്തില്‍ സംസാരിച്ചു. എഴുതിക്കൊടുക്കുന്ന സ്‌ക്രിപ്റ്റ് വെച്ചാണല്ലോ ഒരു സംവിധായകന്‍ ഡയറക്ടോറിയല്‍ ഡോക്യുമെന്റ് ഉണ്ടാക്കുക.

പിന്നെ നല്ലൊരു റാപ്പോ ഞങ്ങള്‍ക്കിടയിലുണ്ട്. അത് ക്രിയേറ്റീവ് ആയുള്ള റാപ്പോ ആണ്. അത് വളരെ സഹായകരവുമാണ്. നമ്മള്‍ ഒരു കാര്യം പറയുമ്പോഴും എഴുതുമ്പോഴും പെട്ടെന്ന് അത് മനസിലാകുന്ന ഡയറക്ടറെ കിട്ടുക ഭാഗ്യമാണ്. ഒന്നും എക്‌സ്‌പ്ലൈന്‍ ചെയ്യേണ്ട കാര്യമില്ല. പിന്നെ എല്ലാ സംശയങ്ങളും ഷൂട്ടിന് മുന്‍പ് ചോദിച്ച് അതിന് എല്ലാ നിവാരണവും വരുത്തിയിട്ടാണ് രാജു ഷൂട്ടിന് ഇറങ്ങുന്നത്. വളരെ മെട്രിക്കുലസാണ് അദ്ദേഹം.

ഡയറക്ഷന്‍ എന്ന് പറയുന്നത് വളരെയധികം ഡിസിപ്ലിനും ഫോക്കസും എനര്‍ജിയും വേണ്ട ഒരു സംഭവമാണ്. ഫിസിക്കല്‍ ലെവലില്‍ വേറെയും ഉണ്ട്. മാനുവല്‍ ലെവല്‍സില്‍ പോലും വലിയ എഫേര്‍ട്ടാണ്. തിരക്കഥയില്‍ എന്താണോ പറഞ്ഞത് അത് ആ അര്‍ത്ഥത്തില്‍ ഒരു സംവിധായകന് മനസിലാകണം. പൃഥ്വിയുടെ കാര്യത്തില്‍ അതുണ്ട്,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi about Changes of Prithviraj afiter Lucifer Movie