Kerala News
ആക്രമണത്തില്‍ പരിക്കേറ്റ മഞ്ചേരി നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 30, 02:18 pm
Wednesday, 30th March 2022, 7:48 pm

മലപ്പുറം: മഞ്ചേരിയില്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്ന നഗരസഭാ കൗണ്‍സില്‍ മരിച്ചു. മഞ്ചേരി നഗരസഭാ 16-ാം വാര്‍ഡ് യു.ഡി.എഫ്(മുസ്‌ലിം ലീഗ്) കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലാണ്(52) മരിച്ചത്. വൈകുന്നേരം ആറുമണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മഞ്ചേരി കുട്ടിപ്പാറയില്‍വെച്ച് 29ന് രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ജലീല്‍ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാര്‍ക്കിങ്ങുമായി തര്‍ക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതാണോ ആക്രമണത്തിന് കാരണമായത് എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.