കെ.എ റഊഫുമായി അഭിമുഖം-ഭാഗം രണ്ട്
കുഞ്ഞാലിക്കുട്ടിക്കെതിരെ താങ്കളുന്നയിച്ച മറ്റൊരു ആരോപണമായിരുന്നു കള്ളനോട്ട് സംഭവം. കുഞ്ഞാലിക്കുട്ടിയും കള്ളനോട്ടും തമ്മിലുള്ള ബന്ധമെന്താണ്?.
കള്ളനോട്ടുമായി ബന്ധപ്പെട്ട് എന്റെ ഓഫീസില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ക്ക് പണം ലഭിച്ചത് കുഞ്ഞാലിക്കുട്ടിയുടെ പി.എ ആയ നിസാറില്‍ നിന്നാണ്. ഇത് പുറത്ത് വന്നപ്പോള്‍ ഉന്നതതല ഇടപെടല്‍ നടത്തി കേസ് ഒതുക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തത് ആരാണെങ്കിലും പിടികൂടണം. അന്വേഷിച്ച് തെറ്റുകാരന്‍ ഞാനാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ എനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എങ്ങിനെ അദ്ദേഹത്തിന് ഈ കള്ളനോട്ട് കിട്ടിയെന്ന് അവിടെയുള്ളവര്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ. എന്റെ ഓഫീസിലുള്ള ജീവനക്കാരന് കുഞ്ഞാലിക്കുട്ടിയുടെ പി.എ പണം കൊടുത്തത് എന്താനിയിരുന്നു. എന്റെ നീക്കങ്ങള്‍ ഒറ്റിക്കൊടുക്കുന്നതിന് വേണ്ടി കുഞ്ഞാലിക്കുട്ടി സ്റ്റാഫിനെ വിലക്കെടുക്കുകയായിരുന്നു. ഞാന്‍ എവിടെപ്പോകുന്നു ആരോട് സംസാരിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം അറിയുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള കൂലിയാണ് അവര്‍ നല്‍കിയത്. അതില്‍ കള്ളനോട്ടും പെട്ടു.
കേസ് ഒതുക്കുന്നതില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍?.
ഇതെക്കുറിച്ച് എനിക്ക് വ്യക്തമായ വിവരമില്ല. പി.ശശിയെക്കുറിച്ചൊക്കെ നിങ്ങള്‍ കേട്ടപോലെ ഞാനും കേട്ടിട്ടുണ്ട്. അത്ര മാത്രമേയുള്ളൂ.
നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് കേസ് ഒതുക്കുകയായിരുന്നുവെന്ന ആരോപണം?.
സ്വാഭാവികമായും അങ്ങിനെ ചിന്തിക്കുകയേ വഴിയുള്ളൂ. പക്ഷെ വ്യക്തമായ തെളിവുകള്‍ എന്റെ കയ്യിലില്ല.
ഇപ്പോള്‍ ഐസ്‌ക്രീം കേസില്‍ പുതിയ ആരോപണങ്ങളുമായി താങ്കള്‍ രംഗത്തെത്തിയിരിക്കയാണ്. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദമുണ്ടായിരുന്നോ?
സമ്മര്‍ദങ്ങള്‍ എന്ന് പറഞ്ഞുകൂട. സൗഹൃദത്തോടെയും അല്ലാതെയും എന്നോട് ബന്ധപ്പെടുന്നവരുണ്ട്. പക്ഷെ ഞാനീ കേസില്‍ നിന്ന് പിന്നോട്ട് പോവാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മളൊരു നിലപാട് എടുത്ത് പോയല്ലോ. അതില്‍ നിന്ന് പിന്നോട്ടില്ല. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ. സത്യം ജനം അറിയണം.
ഭീഷണിയുണ്ടായിരുന്നോ?
അത് പിന്നെ എന്നെ അദ്ദേഹത്തിന് എന്നെ ശരിക്ക് അറിയാം. ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്ന ആളല്ല ഞാന്‍. പുള്ളി പേടിക്കും. പക്ഷെ അങ്ങിനെ പേടിക്കുന്ന ആളല്ല ഞാന്‍.
ഈ കേസില്‍ മാധ്യമങ്ങളുടെ നലിപാട് എന്തായിരുന്നു?.
ഇത്തരം വിഷയങ്ങളില്‍ എല്ലാവര്‍ക്കും താല്യപര്യമുണ്ടല്ലോ. ഇതുപോലെ മാധ്യമങങള്‍ക്കും താല്‍പര്യമുണ്ടായിരുന്നു. പിന്നെ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വിഷയമുണ്ടാവുമ്പോള്‍ അതിലെ വസ്തുതകള്‍ക്കപ്പുറം വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്ന അവസ്ഥയുണ്ട്. അതിവിടെയും പലപ്പോഴും സംഭവിച്ചിട്ടുണ്ട്.
ഈ കേസ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടുണ്ട്. 2004ല്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് തന്നെ റജീന ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അവര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തില്ല. മാധ്യമങ്ങളുടെ ഈ നിലപാടിനെ എങ്ങിനെ കാണുന്നു?.
ഇപ്പോഴും അങ്ങിനെയുണ്ടല്ലോ. പല പത്രങ്ങളും യു.ഡി.എഫിന്റെ ഘടകകക്ഷികളെപ്പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്. എന്നെ സംബന്ധിച്ചിടത്തോളം യു.ഡി.എഫ് വന്നാലും എല്‍.ഡി.എഫ് വന്നാലും ഒരു പ്രശ്‌നവുമില്ല. എനിക്ക് അവസരം ലഭിച്ചപ്പോള്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നേയുളളൂ,
ഞാനും മുനീറും ഒരിക്കലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ഒരിക്കലൊഴികെ. ഈ വിഷയം എങ്ങിനെയെങ്കിലും അവസാനിപ്പിക്കാം എന്ന് പറയാനായിരുന്നു അദ്ദേഹം ബന്ധപ്പെട്ടത്. അതല്ലാതെ ഞങ്ങള്‍ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടോ അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ നിലപാടോ എന്താണെന്ന് എനിക്കറിയില്ല.
മുനീറുമായി എന്തായിരുന്നു ചര്‍ച്ച?. അതെവിടെ വെച്ചായിരുന്നു?.
ഈ വിഷയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം മുനീര്‍ മറ്റൊരാള്‍ മുഖേന എന്നെ വിളിക്കുകയായിരുന്നു. ഞാനും മുനീറും ഒരുമിച്ച് കോഴിക്കോട് നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് ഇരുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തപ്പോള്‍ ഇനി പിന്‍മാറുന്നത് ശരിയല്ലല്ലോ എന്ന ആലോചനയിലെത്തി. ഞാനേതായലും പിന്‍മാറാന്‍ തയ്യാറല്ലെന്ന് മുനീറിനോട് പറഞ്ഞു. അങ്ങിനെ ചര്‍ച്ച അവസാനിക്കുകയായിരുന്നു,
ഒരിക്കല്‍ താങ്കള്‍ തന്നെ വെളിപ്പെടുത്തിയത് ഞാനിക്കാര്യം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യാവിഷന്‍ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന നികേഷ്‌കുമാറിനോട് പറഞ്ഞിരുന്നു എന്നാണ് അന്ന് നികേഷിന്റെ പ്രതികരണം എന്തായിരുന്നു?.
നികേഷ്‌കുമാറിനോട് ഞാനിക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.വിഷയം പുറത്ത് കൊണ്ട് വരണമെന്ന് അദ്ദേഹത്തിനോട് പറഞ്ഞിരുന്നു.
ഇനിയും ഈ കേസില്‍ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നാല്‍ ആളുകള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാകുമെന്നായിരുന്നു നികേഷിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ എനിക്ക് കിട്ടിയ വലിയ പ്രചോദനമായിരുന്നു അത്. എന്റെ ധാരണ ഈ കേസ് കാലഹരണപ്പെട്ട് പോയി എന്നായിരുന്നു. ഇനിയും ഈ വിഷയം പറഞ്ഞാല്‍ നാട്ടുകാര്‍ വിശ്വസിക്കുമോ ഇല്ലയോ എന്ന ഉള്‍ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ ഈ വിഷയത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ലോകം അത് കേള്‍ക്കാന്‍ തയ്യാറാവുമെന്നും പുറത്ത് കൊണ്ട് വരണമെന്നുമാണ് നികേഷ് അന്ന് പറഞ്ഞത്. നികേഷ് ഇന്ത്യാവിഷന്‍ വിടുന്നതിന് കുറച്ച് കാലം മുമ്പായിരുന്നു ഇത്.
ഇന്ത്യാവിഷന്‍ എഡിറ്റര്‍ എം.പി ബഷീറാണ് കേസില്‍ നിര്‍ണ്ണായകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ട് വന്നത്. ബഷീറിന്റെ ഇടപെടലിനെക്കുറിച്ച്?.
സത്യത്തില്‍ ഞാന്‍ നികേഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇത് പരിശോധിക്കാന്‍ നികേഷ് ബഷീറിനോട് നിര്‍ദേശിക്കുകയായിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ബഷീര്‍ അന്ന് തിരുവനന്തപുരത്ത് ജോലി ചെയ്യുകയാണ്. പിന്നീട് എനിക്കെതിരെ കള്ളനോട്ട് വന്നപ്പോള്‍ ബഷീര്‍ ഞാനുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങിനെ നമ്മള്‍ തമ്മിലുണ്ടായ സൗഹൃദം ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിലേക്ക് എത്തുകയായിരുന്നു. വളരെ സ്വകാര്യമായിട്ടായിരുന്നു ഞങ്ങളുടെ നീക്കം. അതിന് അഞ്ചാറ് മാസം എടുത്തു. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഈ വിവരം പുറത്ത് അറിയുന്നത്.
കുഞ്ഞാലിക്കുട്ടിയെ തന്നെ ഞങ്ങള്‍ വിവരം അറിയിക്കുകയായിരുന്നു.
എങ്ങിനെയാണ് ഈ വിവരം കുഞ്ഞാലിക്കുട്ടിയെ അറിയിക്കുന്നത്?.
ഞങ്ങള്‍ വിവരം വി.എസ് അച്യുതാനന്ദനെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും അറിയിക്കുകയായിരുന്നു. വിഷയങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ഇനി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് നിങ്ങളുടെ ഇമേജ് കളയരുതെന്ന് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. എം.പി ബഷീറാണ് ഇക്കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്. വിവരം ലഭിച്ച ഉടന്‍ ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ എനിക്കെതിരെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനം നടത്തി.
ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ്തങ്ങളെ കണ്ടു-അഭിമുഖം ഭാഗം ഒന്ന്