കെ.എ റഊഫുമായി അഭിമുഖം-ഭാഗം മൂന്ന്
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐക്രീം കേസ്. ഇത് വെറും സ്ത്രീ പീഡനക്കേസ് മാത്രമല്ലെന്നും അക്കാലത്ത് നടന്ന വന്‍ കള്ളക്കടത്തിന്റെയും സാമ്പത്തിക ഇടപാടിന്റെയും ഉപോല്‍പ്പന്നമാണെന്നും ആരോപണമുണ്ട്.
ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. അങ്ങിനെ പറയാനുള്ള തെളിവ് എന്റെ പക്കലില്ല. കുഞ്ഞാലിക്കുട്ടിക്ക് പണം സമ്പാദിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. പാര്‍ട്ടി സെക്രട്ടറിയല്ലെ പണം വാങ്ങലും നല്‍കലുമെല്ലാം അദ്ദേഹം തന്നെയാണ്. വമ്പിച്ച പണത്തിന്റെ കേന്ദ്രീകരണം അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നെ ആരോടും കണക്ക് ബോധിപ്പിക്കേണ്ട പ്രശ്‌നവും പുള്ളിക്കില്ല.
എങ്ങിനെയാണ് പണത്തിന്റെ ഈ കേന്ദ്രീകരണം നടക്കുന്നത്?.
സ്വാഭാവികമായും നമ്മുടെ നാട്ടിലെ ഒരു സ്ഥാപനത്തിന്റെ എം.ഡിയാണെങ്കില്‍ ഭരണം വന്നാല്‍ ഇയാള്‍ പ്രധാന പോസ്റ്റിലായിരിക്കുമെന്ന് മുന്‍കൂട്ടിക്കണ്ട് പണം നല്‍കും. നിലനില്‍ക്കാന്‍ വേണ്ടി പണം നല്‍കും. അല്ലെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത കാര്യങ്ങള്‍ ചികഞ്ഞ് നോക്കാതിരിക്കാന്‍ വേണ്ടിയും പണം നല്‍കും.
മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിസംവിധാനം നിലവിലുണ്ടെങ്കിലും പണം കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ഒരു ഏകാധിപതിയെപ്പോലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. പ്രത്യേകിച്ച് ഇപ്പോള്‍ പ്രസിഡന്റായി വന്ന തങ്ങള്‍ എന്നത് വായ തുറന്ന് സംസാരിക്കാന്‍ പോലും കഴിവില്ലാത്ത വ്യക്തിയാണ്. പഴയ തങ്ങളുടെ സാന്നിധ്യം തന്നെ മതിയായിരുന്നു. അദ്ദേഹം വളരെ ടവറിങ് പേഴ്‌സണാലിറ്റിയായിരുന്നു.
പിന്നെ പാര്‍ട്ടിയുടെ ഉന്നത നേതാവ് ഉണ്ടാവുമ്പോള്‍ രണ്ടാമന്‍ മുന്നില്‍ നിന്ന് ഇങ്ങിനെ സംസാരിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. അതൊക്കെ ലീഗില്‍ മാത്രമേ നടക്കൂ.
ഇപ്പോഴത്തെ ലീഗ് നേതൃത്വം ദുര്‍ബലമാണെന്നാണോ താങ്കള്‍ പറയുന്നത്?.
ശിഹാബ് തങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ തങ്ങള്‍ വളരെ ദുര്‍ബലനാണ്. വേറെ ഏതെങ്കിലും ഒരു പാര്‍ട്ടി ഇത്തരം കേസില്‍ പ്രതിയായ ഒരാളെ, അല്ലെങ്കില്‍ ചെയ്തുവെന്ന് ജനം വിശ്വസിക്കുന്ന ഒരാളെ വീണ്ടും മത്സരിപ്പിക്കാന്‍ തയ്യാറാവുമോ?. മുസ്‌ലിം ലീഗില്‍ ഇതൊരു ഡിസ്വാളിഫിക്കേഷന്‍ അല്ല ക്യാളിറ്റി ആയി ആണവര്‍ കാണുന്നത്. ഇനി അഥവാ യു.ഡി.എഫിന് അധികാരം കിട്ടിയാല്‍ ലീഗില്‍ മന്ത്രിയായി വരുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിന് കൂട്ട് നിന്നവരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതാണ് ഇതിന്റെയൊക്കെ ക്രൈറ്റീരിയ.
ആ രീതിയില്‍ ഒരു കള്‍ച്ചര്‍ രൂപപ്പെട്ട് വന്നിട്ടുണ്ടോ?
നേതൃത്വം അങ്ങിനെയായിപ്പോയി. ഒക്കെ എന്റെ പേരിലാരോപിച്ചിട്ടും ഞങ്ങള്‍ക്കിത്ര സീറ്റ് കിട്ടിയല്ലോയെന്നാണ് കുഞ്ഞാലിക്കുട്ടി ചോദിക്കുന്നത്. കഴിഞ്ഞ തവണ ഏഴോ മറ്റോ സീറ്റില്ലെ ലഭിച്ചിട്ടുള്ളൂ. ഇത്തവണ അത് ഡബിള്‍ ആക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ അതുകൊണ്ട് ഇദ്ദേഹം ചെയ്ത തെറ്റ് തെറ്റല്ലാതാകുമോ.
ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് എന്നോട് പറഞ്ഞത് ഇങ്ങിനെയാണ്. “ഞങ്ങള്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കാതിരിക്കലാണ് നല്ലതെന്ന് സൂചന നല്‍കി. ലീഗ് അത് മനസ്സിലാക്കുമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ കരുതി. ഞങ്ങള്‍ക്ക് അത്രയല്ലെ ചെയ്യാന്‍ കഴിയൂ. പിന്നെ എന്ത് ചെയ്യാന്‍ കഴിയും. മത്സരിക്കണമെന്നും മന്ത്രിയാകണമെന്നും പറഞ്ഞ് തുനിഞ്ഞിറങ്ങുകയാണെന്നും പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും”.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കെട്ടിടം പൊളിച്ചുമാറ്റിയെന്ന് പറയുന്നു എവിടെയായിരുന്നു കെട്ടിടം. എന്തായിരുന്നു കെട്ടിടം പൊളിച്ചതിന്റെ ഉദ്ദേശം?.
കേസിലെ ഇരകളിലൊരാള്‍ ഈ സ്ഥലത്ത് വെച്ച് താനുമായി പ്രതികള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് മൊഴി കൊടുത്തിരുന്നു. അപ്പോള്‍ ആ തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം നശിപ്പിച്ചത്. ഹോട്ടല്‍ മഹാറാണിയിലേക്ക പോകുന്ന വഴിയായിരുന്നു അത്. രാത്രിക്ക് രാത്രി തന്നെ അത് നശിപ്പിക്കുകയായിരുന്നു.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികളുടെ മരണം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്താണ് അന്ന് സംഭവിച്ചത്?.
അത് ഞാന്‍ രംഗത്ത് വരുന്നതിന് മുമ്പാണ് സംഭവിച്ചത്. അത്‌കൊണ്ട് അതെന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സുഹൃത്തായ തെരുവത്ത് ഖാദര്‍ എന്നയാളുടെ ഫഌറ്റില്‍ നിന്ന് ഇവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടുകയായിരുന്നുവെന്ന് പറയുന്നു.
അതേസമയം സാഹചര്യത്തെളിവുകള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടികളിലൊരാളുടെ രക്ഷിതാക്കളെ ഇപ്പോള്‍ താമസിപ്പിച്ചത് വേങ്ങരയിലാണ്. ആദ്യം ഇവര്‍ മലപ്പുറത്തായിരുന്നു. ഇപ്പോള്‍ വേങ്ങരയിലാണ്. ആ വീട്ടിലേക്ക് ഇപ്പോള്‍ കടന്നു പോകണമെങ്കില്‍ വേറൊരു വീട്ടിന് മുന്നിലൂടെ മാത്രമേ പോകാനാവൂ. അതിലൂടെ കടന്ന് പോകുമ്പോള്‍ ആരാ പോകുന്നത് എന്തിനാ പോകുന്നത് എന്ന ചോദ്യം വരും.
ഈയിടെ ഞങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ അവരെ കാണാന്‍ പോയി. വോട്ടഭ്യര്‍ഥിക്കാന്‍ എന്ന പേരിലായിരുന്നു പോയത്. അപ്പോള്‍ മുന്നിലെ വീട്ടുകാര്‍ അവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അവര്‍ കോഴിക്കോട്ടുകാരാണെന്നും ഇവിടെ വോട്ടില്ലെന്നുമായിരുന്നു മറുപടി. എന്തോ ഒരു ദുരൂഹത ഇക്കാര്യത്തിലുണ്ടെന്ന് ഫീല്‍ ചെയ്യുന്നുണ്ട്.
കേസില്‍ നിരവധി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ ഇരകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അവര്‍ എവിടെയാണ് കഴിയുന്നത്?
അവരൊക്കെ ഇപ്പോള്‍ നാട്ടില്‍ വിവിധയിടങ്ങളില്‍ കഴിയുന്നുണ്ട്. ഇവരെയെല്ലാം കേസില്‍ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. തങ്ങളെ പീഡിപ്പിച്ചതായി അവരെല്ലാം മൊഴി നല്‍കിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ്