കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്
Dool Talk
കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2011, 9:02 pm

കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്

vs-achuthanandan

കേരളത്തില്‍ പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന നേതാവാണ് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം ഈ വിഷയം ചര്‍ച്ചയാണ്. ഈ വിഷയത്തില്‍ വി.എസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ്. താങ്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നോ?.

വി.എസുമായി എനിക്ക് ഒരു ബന്ധവുമില്ല. സ്വാഭാവികമായും ഈ കേസ് തുടക്കം മുതലേ ഫോളോ ചെയ്ത വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്. അല്ലാതെ ഞാന്‍ അദ്ദേഹത്തെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഒരു കാര്യം അദ്ദേഹം എടുത്ത നിലപാട് മാത്രമാണ് ഈ കേസിനെ ഇത്രയെങ്കിലും മുന്നോട്ട് കൊണ്ട് പോയത്. വേറെയാരാണ് സഹായിക്കാനുള്ളത്. കേസന്വേഷണം നല്ലൊരു ടീമിനെ ഏല്‍പിക്കുകയും അവര്‍ നല്ല നിലയില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വി.എസ് ഇക്കാര്യം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉപയോഗിക്കുയാണെന്ന് ആരോപണമുണ്ട്.

എനിക്ക് അങ്ങിനെ തോന്നുന്നില്ല. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കേസ് ഉയര്‍ന്ന വന്നപ്പോള്‍ അതിനൊപ്പമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം അജിതയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം ഇതിന് പിറകിലുണ്ടല്ലോ.

പിന്നെ മുഖ്യമന്ത്രിയാകണമെന്നാണല്ലോ ഒരു രാഷ്ട്രീയക്കാരന്റെ ആത്യന്തിക ലക്ഷ്യം. അതായിക്കഴിഞ്ഞാല്‍ വി.എസ് പിന്നെയെന്തിനാണ് ഈ വിഷയം ഉയര്‍ത്തുന്നത്. ഇപ്പോള്‍ വീണ്ടും വിഷയം പുറത്ത് വന്നപ്പോള്‍ അദ്ദേഹം അത് ഉയര്‍ത്തുന്നുവെന്ന് മാത്രം. വിഷയം വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വി.എസിന്റെ പ്രതികരണം വന്നല്ലോ.

പിന്നെ താങ്കള്‍ക്കെതിരെ കുഞ്ഞാലിക്കുട്ടിയും ലീഗും ഉയര്‍ത്തുന്ന ആരോപണം ഈ വെളിപ്പെടുത്തലെല്ലാം ബ്ലാക്ക് മെയിലിന് വേണ്ടിയുള്ളതാണെന്നും മുമ്പ് ഇങ്ങിനെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നുമാണ്. പിന്നെ ഫാക്ടറി കത്തിക്കലാണ് താങ്കളുടെ പ്രധാന തൊഴിലെന്നും പറയുന്നു. എന്താണ് യാഥാര്‍ഥ്യം?.

90ലോ 92ലോ ആണ് ഫാക്ടറി കത്തിയത്. എന്റെ കൂടെ 20 വര്‍ഷം മുമ്പണ്ടായിരുന്ന ഒരാളെക്കൊണ്ട് ഇതിനെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി കൊടുപ്പിച്ചു. പോലീസ് പരാതി കിട്ടിയ ശേഷം ഞാനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. കമ്പനി ഉടമയോട് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഫാക്ടറി കത്തിയതാണെന്ന്. കമ്പനി ഉടമയല്ലെ അത് കത്തിയതാണോ അല്ലയോ എന്ന് പറയേണ്ടത്.

ബ്ലാക്ക്‌മെയില്‍ എന്നതിന്റെ അര്‍ഥം എന്താണ്. ബ്ലാക്ക്‌മെയില്‍ എന്നാല്‍ ഒരാളെ ഭീഷണിപ്പെടുത്തി പലതും വാങ്ങുകയെന്നതാണ്. അങ്ങിനെയെങ്കില്‍ എനിക്ക് തന്നതെന്താണെന്ന് അദ്ദേഹം പറയട്ടെ. ഇത് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ അങ്ങിനയല്ല പറഞ്ഞതെന്ന്.

കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങള്‍ കുടുംബത്തില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടോ. അതോ അവരെല്ലാം ഈ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാണോ?.

തീര്‍ച്ചയായും എതിര്‍പ്പുണ്ട്. വിദ്യാഭ്യാസമുള്ള തങ്ങന്‍മാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. വിദ്യാഭ്യാസമുള്ള ഒരു തങ്ങളും ഇക്കാര്യത്തിന് കൂട്ട്‌നില്‍ക്കില്ല. പക്ഷെ പഴയ ജനറേഷന്റെ കയ്യിലാണ് ഇപ്പോഴും ലീഗുള്ളത്. അവര്‍ ബിംബം പോലെ നില്‍ക്കുകയാണ്. വാ തുറന്ന് സംസാരിക്കാന്‍ പോലും കഴിയാത്തവര്‍ക്ക് കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കേണ്ടെന്ന് പറയാന്‍ അധികാരമുണ്ടാവില്ലല്ലോ.

മുസ്‌ലിം ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്നവരുണ്ടോ?.

ലീഗില്‍ ഒരുപാട് പേര്‍ ഇതിനോട് എതിര്‍പ്പുള്ളവരുണ്ട്. പക്ഷെ അവര്‍ നിസ്സഹായരാണ്. ആരോടാണ് ഇത് പറയുക. പക്ഷെ സാഹചര്യം കിട്ടിയാല്‍ അവര്‍ പ്രതികരിക്കും.

ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വാര്‍ത്തകള്‍ പുറത്ത് വിടുന്നത് മുനീറിന് വേണമെങ്കില്‍ തടയാമായിരുന്നു. അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ലേ ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്?.

മുനീര്‍ ഈ വിഷയം അറിഞ്ഞോ അറിയില്ലേയൊന്നും ഞാന്‍ അന്വേഷിച്ചില്ല. റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് പരമാവധി കുറച്ച് പേര്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നായിരുന്നു എന്റെ നിലപാട്.

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുനീര്‍ അസംതൃപ്തനാണോ?.

തീര്‍ച്ചയായും അദ്ദേഹത്തിന് ഇതില്‍ വലിയ അസംതൃപ്തിയുണ്ട്. പക്ഷെ ശക്തമായ നേതൃത്വമില്ലാത്തിടത്തോളം കാലം അതിനുള്ളില്‍ ഒന്നും നടക്കില്ല.

പക്ഷെ കുഞ്ഞാലിക്കുട്ടി മാറിയെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഇത്രയും കാലം കുതിരപ്പുറത്തായിരുന്നുവെന്നും ഇപ്പോള്‍ ഭൂമിയിലിറങ്ങിയപ്പോഴാണ് ജനങ്ങളെ കാണാനായതെന്നും. പഴയ കുഞ്ഞാലിക്കുട്ടി മാറിയോ?.

കുഞ്ഞാലിക്കുട്ടിക്ക് ഒരിക്കലും മാറാന്‍ കഴിയില്ല. പണ്ട് കുതിരപ്പുറത്താണെങ്കില്‍ ഇനി ആനപ്പുറത്തായിരിക്കും. കുറച്ച് ദിവസങ്ങള്‍ മാറാന്‍ കഴിഞ്ഞേക്കും. അത് നീണ്ട് നില്‍ക്കില്ല. ഇനി മന്ത്രിയായാലും പഴയ കുഞ്ഞാലിക്കുട്ടിയെ തന്നെ കേരളത്തിന് സഹിക്കേണ്ടി വരും. തെറ്റുകള്‍ മറച്ച് വെച്ച് ഇനിയെന്ത് ചെയ്യാന്‍ കഴിയും എന്നായിരിക്കും കുഞ്ഞാലിക്കുട്ടി അപ്പോള്‍ ആലോചിക്കുക.

ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു-അഭിമുഖം ഭാഗം ഒന്ന്

മുനീറുമായി രഹസ്യ ചര്‍ച്ച നടത്തി: റഊഫ്-അഭിമുഖം ഭാഗം രണ്ട്

ഹൈദരലി തങ്ങള്‍ ദുര്‍ബലനായ ലീഗ് പ്രസിഡന്റ്: റഊഫ്-അഭിമുഖം ഭാഗം മൂന്ന്