ന്യൂദല്‍ഹി: ജയിലില്‍ അടച്ചതിന് ശേഷം മാനസികമായി ഏറെ തളര്‍ന്നുവെന്നും ഇപ്പോഴും ഉറക്ക ഗുളിക കഴിച്ചാണ് കിടന്നുറങ്ങുന്നതെന്നും കൊമേഡിയന്‍ മുനാവര്‍ ഫറൂഖി. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയിലായിരുന്നു മുനാവര്‍ അറസ്റ്റിലായത്.
”ജയിലില്‍ ആയിരുന്ന കാലത്ത് എനിക്ക് എന്റെ സ്വാഭിമാനം പൂര്‍ണമായും നഷ്ടമായി. അതിപ്പോഴും എനിക്ക് ഓരോ മിനിറ്റിലും സെക്കന്‍ഡിലും തോന്നുന്നുണ്ട്. ഞാനെപ്പോഴും ചിന്തിക്കും എന്റെ തെറ്റെന്തായിരുന്നു. ഞാന്‍ ആരെയെങ്കിലും കൊന്നോ, ഞാന്‍ ആരെയെങ്കിലും കൊള്ളയടിച്ചോ. ഉറക്ക ഗുളിക കഴിച്ചില്ലെങ്കില്‍ ഉറങ്ങാനേ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഞാന്‍ ആളുകളെ സന്തോഷിപ്പിക്കാനും അവരെ എന്റര്‍ടെയ്ന്‍ ചെയ്യാനുമാണ് ശ്രമിച്ചത്,” മുനാവര്‍ ഫറൂഖി പറഞ്ഞു.
കോമഡി ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്നും മുനാവര്‍ ഫറൂഖി വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളിലും ഞാന്‍ തമാശ പറയുമെന്നും മുനാവര്‍ ഫറൂഖി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലായിരുന്നു ജയിലിലെ പീഡനങ്ങളെക്കുറിച്ചും ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ചും മുനാവര്‍ ഫറൂഖി തുറന്നു പറഞ്ഞത്.
ഫെബ്രുവരി അഞ്ചിനാണ് മുനാവര്‍ ഫറൂഖിയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര മന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
ഫാറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായിരുന്നത്.
ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞിരുന്നു.
ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്.
ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.