രോഹിത് ഒരിക്കലും ഔട്ടല്ല, അമ്പയറിന്റെ മണ്ടത്തരമാണത്; ഡി.ആര്‍.എസ്സിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരങ്ങള്‍
IPL
രോഹിത് ഒരിക്കലും ഔട്ടല്ല, അമ്പയറിന്റെ മണ്ടത്തരമാണത്; ഡി.ആര്‍.എസ്സിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 5:04 pm

കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരുന്നു. ഈ വിജയത്തിന് പിന്നാലെ എട്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് പറന്നുയര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നത്.

വിജയത്തിലും പ്ലേ ഓഫ് സാധ്യതകളിലും ആരാധകര്‍ ഹാപ്പിയാണെങ്കിലും അവരെ നിരാശരാക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിടാതെ പിടികൂടിയിരിക്കുന്ന മോശം ഫോമാണ് ദില്‍ സേ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്.

തൊട്ടുമുമ്പുള്ള രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ രോഹിത് ആര്‍.സി.ബിക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എട്ട് പന്ത് നേരിട്ട് ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഹിറ്റ്മാന്‍ ഒറ്റയക്കത്തിന് പുറത്തായത്.

വാനിന്ദു ഹസരങ്കുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് രോഹിത് പുറത്തായത്. എല്‍.ബി.ഡബ്ല്യൂവിനായി ആര്‍.സി.ബി അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനുവദിച്ചിരുന്നില്ല. ഇതോടെ ഫാഫ് റിവ്യൂ എടുക്കുകയും തങ്ങള്‍ക്കനുകൂലമായി വിധി നേടിയെടുക്കുകയുമായിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ പുറത്താവലിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് കൈഫും മുനാഫ് പട്ടേലും.

ഇതെങ്ങനെയാണ് എല്‍.ബി.ഡബ്ല്യൂ ആയതെന്ന ചോദ്യം കൈഫ് ഉയര്‍ത്തിയപ്പോള്‍ രോഹിത് പുറത്തായത് ദൗര്‍ഭാഗ്യകരമാണെന്നും ഡി.ആര്‍.എസിനെതിരെ മറ്റൊരു ഡി.ആര്‍.എസ് കൂടിവേണമെന്നായിരുന്നു മുനാഫ് പറഞ്ഞത്.

സീസണില്‍ തുടര്‍ച്ചയായ മോശം പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. 11 മത്സരം കളിച്ച രോഹിത്തിന് ഇതുവരെ 200 റണ്‍സ് മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്ന പ്രധാന വസ്തുത.

11 മത്സരത്തില്‍ മുംബൈക്കായി ബാറ്റേന്തിയ ക്യാപ്റ്റന്‍ ഇതുവരെ നേടിയത് വെറും 191 റണ്‍സാണ്. 17.36 എന്ന ആവറേജിലും 124.23 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് നേടുന്നത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ 42ാം സ്ഥാനത്താണ് ഹിറ്റ്മാന്‍.

 

Content Highlight: Munaf Patel and Mohammed Kaif against umpire’s decision to dismiss Rohit Sharma