ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത് മൂലമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയമുണ്ടായതെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദത്തിനെതിരെ തമിഴ്‌നാട്. ഇത് സംബന്ധിച്ച എതിര്‍സത്യവാങ്ങ് മൂലം തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
മുല്ലപെരിയാറിലെ ജലനിരപ്പ് 14- അടി കവിഞ്ഞ ആഗസ്റ്റ് 14,15 തീയ്യതികളില്‍ നിയന്ത്രിത അളവിലാണ് വെള്ളം തുറന്ന് വിട്ടതെന്ന് തമിഴ്‌നാട് സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. കേരളത്തിലെ മറ്റ് അണക്കെട്ടുകള്‍ തുറന്നതാണ് പ്രളയത്തിന് പ്രധാന കാരണമായതെന്നും സത്യവാങ്ങ് മൂലത്തിലുണ്ട്.
ആഗസ്റ്റ് 15ന് രാവിലെ ജലനിരപ്പ് 140.7 അടിയിലെത്തിയപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിട്ടത് 1.247 ടി.എം.സി വെള്ളമാണ്. പിറ്റേദിവസം ഒഴുക്കിയത് 2.022 ടി.എം.സി വെള്ളവും. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട ജലം ഇടമലയാറില്‍ നിന്നും ഇടുക്കിയില്‍ നിന്നും തുറന്ന് വിട്ട ജലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. കേരളത്തില്‍ പെയ്തത് അപ്രതീക്ഷിതമായ കനത്ത മഴയാണ്. തമിഴ്‌നാട് പറയുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി നിലനിര്‍ത്തുന്നതിന് അണക്കെട്ട് ബലപ്പെടുത്താന്‍ തമിഴ്‌നാട് നടത്തിവന്ന ജോലികള്‍ കേരളം തടസ്സപ്പെടുത്തിയതായും സത്യവാങ്ങ് മൂലത്തില്‍ കുറ്റപ്പെടുത്തലുണ്ട്.
മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ അനുവദനീയമായ 142ല്‍ നിന്ന് രണ്ടോ മൂന്നോ അടി താഴ്ത്തി നിലനിറുത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഈ കാര്യത്തില്‍ തമിഴ്‌നാടും, കേരളവും യോജിച്ച് മുന്നോട്ട് പോകണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും തുറന്നതാണ് പ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് കേരളം നേരത്തെ സത്യാവാങ്ങ് മൂലം നല്‍കിയിരുന്നു.