Entertainment news
അദ്ദേഹമാണ് എന്നെ ടൈമിങ് കൊണ്ട് ഞെട്ടിച്ച നടന്‍; അദ്ദേഹത്തോടൊപ്പം ഫൈറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്; പക്ഷേ..
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 01:29 pm
Wednesday, 13th December 2023, 6:59 pm

ടൈമിങ് കൊണ്ട് തന്നെ ഞെട്ടിച്ച നടന്‍ ആരാണെന്ന് പറയുകയാണ് നടന്‍ മുകേഷ്. ബിഹൈന്‍വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മോഹന്‍ലാലാണ് ടൈമിങില്‍ തന്നെ ഞെട്ടിച്ചതെന്ന് മുകേഷ് പറയുന്നു. മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അദ്ദേഹവുമായി ഒരു ഫുള്‍ ലെങ്ത് ഫൈറ്റ് ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

പ്രിയദര്‍ശന്‍ എഴുതി സംവിധാനം ചെയ്ത് ലിസി നിര്‍മിച്ച് 2001ല്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം താന്‍ അഭിനയിച്ചതിന് ശേഷം രണ്ട് നടന്മാര്‍ ഇത്രയും ടൈമിങ്ങിലും താളത്തോടെയും തന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നെന്നും മുകേഷ് പറയുന്നുണ്ട്.

‘എന്നെ ടൈമിങ് കൊണ്ട് ഞെട്ടിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. തുടക്കത്തിലൊക്കെ പുള്ളി ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ ആളുമായി ഒരു ഫുള്‍ ലെങ്ത് ഫൈറ്റ് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

എപ്പോഴെങ്കിലും ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്നുണ്ട്. കാരണം എനിക്ക് ഫൈറ്റില്‍ എത്രമാത്രം ടൈമിങ് ഉണ്ടെന്ന് അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്.

ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന പടത്തിലൊന്നും ഞങ്ങള്‍ക്ക് തമ്മില്‍ ഫൈറ്റ് ചെയ്യേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. ഒരുവിധം എല്ലാ സിനിമയിലും ഞങ്ങള്‍ കൂട്ടുക്കാരായാണ് അഭിനയിച്ചിട്ടുള്ളത്.

അല്ലാതെ കുറച്ചെങ്കിലും വന്നത് കാക്കകുയില്‍ സിനിമയില്‍ ആണ്. അതില്‍ പല സന്ദര്‍ഭങ്ങളിലും ഞാനും അദ്ദേഹവും പരസ്പരം ഫൈറ്റ് ചെയ്യുന്നുണ്ട്.

അതൊക്കെ മനോഹരമാണെന്നാണ് പ്രിയന്‍ പറഞ്ഞത്. പ്രിയനൊക്കെ എത്രയോ വലിയ വലിയ ഹീറോസിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ്.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ‘പാടാം വനമാലി’ പാട്ടില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഒരു സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. അപ്പോഴാണ് പ്രിയന്‍ എന്റെയും മോഹന്‍ലാലിന്റെയും അടുത്തേക്ക് വന്നത്.

ഞങ്ങളുടെ മുന്നില്‍ വെച്ചാണ് രണ്ട് ഹീറോസ് ഇത്രയും ടൈമിങ്ങിലും ഇത്രയും താളത്തോടെയും എന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ല എന്ന് പ്രിയന്‍ പറഞ്ഞത്,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh Talks About Mohanlal And Kakkakuyil Movie