ഫസ്റ്റ് ഷോട്ടിന് വേണ്ടിയൊരു റോളുണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ആ നടനെ കളിയാക്കുമായിരുന്നു: മുകേഷ്
Entertainment
ഫസ്റ്റ് ഷോട്ടിന് വേണ്ടിയൊരു റോളുണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ആ നടനെ കളിയാക്കുമായിരുന്നു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th August 2024, 10:49 am

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ മുകേഷ്. ധ്യാൻ ശ്രീനിവാസനൊപ്പമുള്ള തന്റെ പുതിയ ചിത്രം ഡിയർ സിന്ദഗി റിലീസാവാൻ ഒരുങ്ങുമ്പോൾ പഴയകാല സിനിമ ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

അന്ന് ഏറ്റവും ഭാഗ്യമുള്ള നടനെന്ന് എല്ലാവരും കരുതിയിരുന്നത് നടൻ ജനാർദ്ദനനെയായിരുന്നുവെന്നും അദ്ദേഹത്തെ വെച്ച് ഫസ്റ്റ് ഷോട്ട് എടുത്താൽ സിനിമകൾ സൂപ്പർ ഹിറ്റാകുമെന്ന് പലരും ധരിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു. അന്ന് ഫസ്റ്റ് ഷോട്ടിനൊരു റോൾ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ കളിയാക്കറുണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ഗോഡ് ഫാദർ സിനിമയുടെ ഫസ്റ്റ് ഷോട്ടിന്റെ അനുഭവങ്ങളും മുകേഷ് പങ്കുവെച്ചു.

 

‘ജനാർദ്ദനൻ ചേട്ടന് അങ്ങനെയൊരു ഭാഗ്യം ഉണ്ടായിരുന്നു. ഏതോ ഒന്ന് രണ്ട് സിനിമകളിൽ ജനാർദ്ദനൻ ചേട്ടനെ വെച്ച് ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ ആ പടങ്ങൾ രണ്ടും സൂപ്പർ ഹിറ്റായി.

പിന്നെ ഞങ്ങൾ കളിയാക്കാൻ തുടങ്ങി ഈ ഫസ്റ്റ് ഷോട്ടിന് വേണ്ടി ഒരു റോളുണ്ടെന്ന് പറഞ്ഞിട്ട്. പുള്ളി ചുമ്മാ ഒന്ന് നിന്ന് കൊടുത്താൽ മാത്രം മതി. ജുബ്ബയൊക്കെ ഇട്ടിട്ട് ഫസ്റ്റ് ഷോട്ട് എടുത്തോയെന്ന് പറയും.

അദ്ദേഹത്തിന് വേണ്ടി ഡേറ്റൊക്കെ മാറ്റി വെച്ചിട്ടുണ്ട്. ജനാർദ്ദനൻ ചേട്ടൻ ഇല്ലായെന്ന് പറഞ്ഞാൽ ചിലർ ചോദിക്കും, ജനാർദ്ദനൻ ചേട്ടനാണോ ഹീറോയെന്ന്. അല്ല ഫസ്റ്റ് ഷോട്ടിന് വേണ്ടിയാണെന്ന് ഞങ്ങൾ പറയും.

ഗോഡ് ഫാദറിന്റെ ഷൂട്ട്‌ തുടങ്ങുന്ന ദിവസം, ഫസ്റ്റ് ഡേ എനിക്ക് ഷോട്ട് ഇല്ലായിരുന്നു. സിദ്ദിഖ് ലാൽ എന്നോട് പറഞ്ഞു, പൂജക്ക് വരണമെന്ന്. ഞാൻ പതിനൊന്ന് മണിയൊക്കെ ആവുമ്പോഴാണ് അവിടെ എത്തിയത്.

പെട്ടെന്ന് ഒരു സഹ സംവിധായകൻ ഓടി വന്നിട്ട് എന്നോട് പറഞ്ഞു, മേക്കപ്പ് ചെയ്യണമെന്ന്. ഞാൻ പറഞ്ഞു, എനിക്കിന്ന് ഷോട്ട് ഇല്ല, എന്നോട് സംവിധായകർ പറഞ്ഞതാണെന്ന്. അപ്പോൾ അയാൾ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് സിദ്ദിക്കിനോട് കാര്യം ചോദിച്ചപ്പോൾ എനിക്ക് ഇന്നസെന്റ് ഇരിക്കുന്നത് ചൂണ്ടി കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു, അവിടെ ചോദിച്ചോയെന്ന്.

 

എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു, നീയൊന്ന് എന്നെ സഹായിക്കണമെന്ന്. എന്താണെന്ന് ചോദിച്ചപ്പോൾ, ഇത് ഇവരുടെ മൂന്നാമത്തെ സിനിമയാണ്. റാംജിറാവു സ്പീക്കിങ് സൂപ്പർ ഹിറ്റ്‌, ഇൻ ഹരിഹർ നഗർ സൂപ്പർ ഹിറ്റ്‌. ഈ മൂന്നാമത്തെ പടം എന്നെ വെച്ച് തുടങ്ങിയിട്ട് പൊളിഞ്ഞു കഴിഞ്ഞാൽ ഇവർ പറയും ഞാൻ കാരണമാണെന്ന്.

അതുകൊണ്ട് നീയൊന്ന് അഭിനയിക്കെന്ന് എന്നോട് പറഞ്ഞു. അങ്ങനെ പെട്ടെന്ന് എടുത്ത ഷോട്ടാണ് ആ ഹോസ്റ്റലിൽ അച്ഛന്റെ കോൾ വരുന്ന ഭാഗം. അത് മാത്രമേ പെട്ടെന്ന് എടുക്കാൻ പറ്റുള്ളൂവായിരുന്നു,’മുകേഷ് പറയുന്നു.

 

Content Highlight: Mukesh Share Memory With Janardhanan And Innocent