റിയാദ്: സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ, രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്ത് മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍.
രാജ്യം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികളെയും വിദേശരാജ്യങ്ങളിലെ നേതാക്കളെയും സ്വീകരിക്കുന്നതും പ്രസിഡന്‍ഷ്യല്‍ മീറ്റിങ്ങുകളിലും പ്രാദേശിക ഉച്ചകോടികളിലും പങ്കെടുക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് സല്‍മാന്‍ രാജാവിന് പകരം എം.ബി.എസ് പങ്കെടുക്കുന്നത്.
ഇതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സൗദിയില്‍ രാജാവിന്റെ അധികാരത്തോട് കൂടി ‘കിരീടം വെക്കാത്ത രാജാവായി’ മാറിയിരിക്കുകയാണ് എം.ബി.എസ്.
ഡിസംബര്‍ ആദ്യവാരം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതും, ജി.സി.സി ഉച്ചകോടിക്ക് നേതൃത്വം നല്‍കിയതും അതിന് മുന്നോടിയായി ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു.
2020 മാര്‍ച്ചില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായി റിയാദില്‍ വെച്ച് നടത്തിയ ചര്‍ച്ചയായിരുന്നു സല്‍മാന്‍ രാജാവ് ഒരു വിദേശരാജ്യത്തിന്റെ പ്രതിനിധിയുമായി നടത്തിയ അവസാനത്തെ കൂടിക്കാഴ്ച.
2020 ജനുവരിയില്‍ സുല്‍ത്താന്‍ ഖബൂസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി ഒമാനിലേക്ക് പോയതിന് ശേഷം സല്‍മാന്‍ രാജാവ് മറ്റ് വിദേശരാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2017ലായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്.