എ.സി.സി ടി-20 പ്രീമിയര്‍ കപ്പിലെ 19 മത്സരത്തില്‍ യു.എ.ഇക്ക് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം കമ്പോഡിയക്കെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്കായിരുന്നു യു.എ.ഇയുടെ ജയം. ഒമാനിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കമ്പോഡിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കമ്പോഡിയ 19 ഓവറില്‍ 76 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 5.1 ഓവറില്‍ ഒമ്പത് ടിക്കറ്റുകള്‍ ബാക്കിനില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
18 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെ കരുത്തിലാണ് യു.എ.ഇ ജയിച്ചുകയറിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് വസീം നേടിയത്. 266.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മുഹമ്മദ് വസീം സ്വന്തമാക്കിയത്.
— UAE Cricket Official (@EmiratesCricket) April 17, 2024
ടി-20യില്‍ ആദ്യത്തെ 50 ഇന്നിങ്‌സില്‍ നിന്നും ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് വസിം സ്വന്തം പേരില്‍ കുറിച്ചത്. 113 സിക്‌സുകളാണ് വസിം 50 ഇന്നിങ്‌സില്‍ നിന്നും നേടിയത്.
യു.എ.ഇ ബൗളിങ്ങില്‍ ആയല്‍ അഫ്‌സല്‍ ഖാന്‍ മൂന്ന് വിക്കറ്റും ആക്രിഫ് രാജ, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഒമിത് റഹ്‌മാന്‍, അലി നാസര്‍, ബാസില്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
18 പന്തില്‍ 24 രെണ്ട്‌സ് നേടിയ ഷാര്‍വന്‍ ഗോദ്രയാണ് കമ്പോഡിയയുടെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
എ.സി.സി ടി-20 പ്രീമിയര്‍ കപ്പിലെ സെമി ഫൈനലില്‍ ഏപ്രില്‍ 19ന് നേപ്പാളിനെതിരെയാണ് വസീമിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ഒമാനിലെ അമറേത്ത് സ്റ്റേഡിയമാണ് വേദി.
Content Highlight: Muhammad Waseem create a new record in T20