കോഴിക്കോട്: മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരസ്യ പ്രസ്താവന നടത്തിയ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം നടപടി തീരുമാനിക്കുമെന്ന് സലാം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പി.എം.എ. സലാം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ സലാം മാത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നത്. മുഈന്‍ അലിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ സലാം ഒഴികെയുള്ള നേതാക്കള്‍ നടപടിയെ എതിര്‍ക്കുകയായിരുന്നു.
എന്നാല്‍ മുഈന്‍ അലി തെറ്റ് ചെയ്തുവെന്ന് പാര്‍ട്ടി അന്ന് തന്നെ വിലയിരുത്തിയതാണെന്നാണ് സലാം പറയുന്നത്.
‘ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാള്‍ മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ല,’ പി.എം.എ സലാം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങള്‍ മുഈന്‍ അലിയെ പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാല്‍ വിചാരിച്ച പോലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
ചന്ദ്രികയില്‍ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ ഫിനാന്‍സ് ഡയറക്ടറെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
ഉന്നതാധികാരയോഗത്തില്‍ മുഈന്‍ അലിക്കെതിരെ അസഭ്യം പറഞ്ഞ റാഫി പുതിയ കടവിനെതിരെ നടപടി പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ തുല്യ നീതിയാണ് വേണ്ടത്. മുഈന്‍ അലിക്കെതിരെ നടപടിയില്ലെങ്കില്‍ റാഫി പുതിയ കടവിനെതിരെയും നടപടി എടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.എ. മജീദ് രംഗത്തെത്തി. ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് കുടുംബത്തിലെ പ്രധാന അംഗങ്ങളെല്ലാം ഇരുന്ന് തീരുമാനമെടുത്തതും ലീഗിന്റെ ചരിത്രത്തിലാദ്യമാണ്.
എന്നാല്‍ ലീഗ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്ന് കെ.പി.എ. മജീദും പി.എം.എ. സലാമും വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞ റാഫി പുതിയകടവിലിനെ സസ്പെന്‍ഡ് ചെയ്തു.
കോഴിക്കോട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ നടത്തിയ വെളിപ്പെടുത്തല്‍ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായിരുന്നു. മുഈന്‍ അലിയ്ക്കെതിരെ യൂത്ത് ലീഗ് ദേശീയ നേതൃത്വം നടപടിയെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും അതുമുണ്ടായില്ല.
റഷീദലി തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തിലെ ഭൂരിഭാഗവും അടിയന്തര നടപടി ഉണ്ടാകുന്നതിനെതിരെ നിലയുറപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്ന സാദിഖലി തങ്ങള്‍ക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനായില്ല.
മുഈനലി വാര്‍ത്തസമ്മേളനത്തില്‍ നടത്തിയ പരസ്യ വിമര്‍ശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി.
ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.
മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.
അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.