ബെംഗളൂരു: മൈസൂര്‍ നഗര വികസന അതോറിറ്റി (മുഡ) അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടരുന്നതായി റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ രാകേഷ് പാപ്പണ്ണയുടെ വീട്ടിലും ഓഫീസിലും ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ ജില്ലാ പരിഷത്ത് അംഗമായ ഇദ്ദേഹത്തിന്റെ ഹിങ്കല്‍ ലോക്കലിലുള്ള വസതിയിലാണ് റെയ്ഡും പരിശോധനയും നടക്കുന്നത്. ഇയാളുടെ വീട്ടില്‍ മുഡ അഴിമതിയുമായി ബന്ധമുള്ള നിര്‍ണായക രേഖകള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുന്നത്.
50:50 എന്ന അനുപാതത്തില്‍ മുഡയിലെ സൈറ്റുകള്‍ അനുവദിച്ചുവെന്ന പേരില്‍ ബില്‍ഡറായ ജയറാം എന്ന വ്യക്തിയുടെ സ്ഥാപനത്തിലും വീട്ടിലും ആദ്യം റെയ്ഡ് നടന്നിരുന്നു. ഇത്തരത്തില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇദ്ദേഹം മുഡ അധികൃതരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇവര്‍ക്ക് അനധികൃതമായി സ്ഥലം അനുവദിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അടുത്തിടെ മൈസൂരുവിലെ മുഡ ഓഫീസിലും രണ്ട് ദിവസത്തോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വ്യജരേഖകള്‍ ഉണ്ടാക്കി കോടിക്കണക്കിന് രൂപയുടെ മുഡ സൈറ്റുകള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴങ്ങി അനധികൃതമായി വിതരണം ചെയ്തുവെന്ന കുറ്റത്തിന് മറ്റ് ചിലര്‍ക്കെതിരെ കേസെടുക്കുകയും അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.