കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലത്: എം.ടി രമേശ്
Kerala News
കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലത്: എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 10:45 pm

കൊച്ചി: കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ടെന്നും രമേശ് അവകാശപ്പെട്ടു.കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘര്‍ഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എം.ടി രമേശ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമാണെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ധാരാളം കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളൊന്നും ഒരു തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. ആ പ്രശ്നങ്ങളുടെ മെറിറ്റ് അതേപോലെ നില്‍ക്കും. അക്കാര്യങ്ങള്‍ ഇനിയും സ്വാഭാവികമായി ചര്‍ച്ചയില്‍ വരും, രമേശ് പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രശ്നങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമെന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിനോടുള്ള ബി.ജെ.പിയുടെ സമീപനമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുമായിട്ടുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ സമരം എന്നുപറയുന്നത് കേരളത്തില്‍ മാത്രമായിട്ട് ഒതുങ്ങുന്നതാണെന്നും അഖിലേന്ത്യാതലത്തില്‍ സി.പി.ഐ.എം അതിനുമുതിരുന്ന പ്രാപ്തിയിലല്ല ഉള്ളതെന്നും രമേശ് പറഞ്ഞു.

വലിയ ഭൂരിപക്ഷത്തോടുകൂടി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. മാത്രമല്ല മന്ത്രിസഭയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തീരുമാനമുണ്ടായി. പുതിയ ആളുകള്‍ മന്ത്രിമാരാകുന്നു. അവരില്‍ പലരും മന്ത്രിമാരാകാന്‍ അര്‍ഹതയുള്ളവരാണ്. മന്ത്രിസഭയ്ക്ക് ഒരു പുതുമയുണ്ട്. ആ പുതുമ അവരുടെ പ്രവര്‍ത്തനങ്ങളിലും കാണണം ഇന്ന് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് എം. ടി രമേശ് പ്രതികരിച്ചു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: MT Ramesh about New LDF  Government