IPL
ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ? ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 30, 05:19 am
Tuesday, 30th May 2023, 10:49 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞ് ടൂര്‍ണമെന്റ് പേരിലാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ചാം കിരീടം തട്ടകത്തിലെത്തിച്ച ധോണി വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോള്‍.

വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് ഇതാണ് ഉചിതമായ സമയമെന്നും എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ ആറ്, ഏഴ് മാസമെങ്കിലും വേണ്ടി വരുമെന്നും ധോണി പറഞ്ഞു. ആളുകള്‍ നല്‍കിയ സ്‌നേഹത്തിനും സമീപനത്തിനും നന്ദി പറഞ്ഞ ധോണി വിരമിക്കലിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

‘എന്റെ വിരമിക്കലിനെ കുറിച്ചറിയാന്‍ ആളുകള്‍ കാത്തിരിക്കുകയാണെന്നറിയാം. സാഹചര്യം കണക്കിലെടുത്താല്‍ ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഉചിതമായ സമയവും. ആളുകള്‍ എനിക്ക് നല്‍കിയ സ്‌നേഹ വാത്സല്യങ്ങള്‍ക്ക് തിരിച്ച് നന്ദി പറയാന്‍ എളുപ്പത്തില്‍ സാധിക്കും. എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ എട്ട് ഒമ്പത് മാസം നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഒരിക്കല്‍ കൂടി ഐ.പി.എല്‍ കളിക്കുക എന്നുള്ളതാണ്.

പക്ഷെ ശരീരത്തെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങളിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കാന്‍ കുറഞ്ഞത് ആറ്, ഏഴ് മാസമെങ്കിലുമെടുക്കും. അതെത്ര എളുപ്പമല്ല, എന്നാലും എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്യണം,’ ധോണി പറഞ്ഞു.

അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറുകളില്‍ 214/4 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മഴയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം സി.എസ്.കെയെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടീക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ ചെന്നൈക്ക് സാധിച്ചു.

Content Highlights: MS Dhoni talking about his retirement plans