പി.മോഹനന്‍ അറിയാന്‍...
Opinion
പി.മോഹനന്‍ അറിയാന്‍...
എം.പി കുഞ്ഞിക്കണാരന്‍
Thursday, 21st November 2019, 3:28 pm

സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ സ്വന്തം പാര്‍ടി അംഗങ്ങളായ രണ്ട് യുവാക്കളെ, പോലീസ് നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്തതിനും, UAPA എന്ന ഭീകര നിയമം ചാര്‍ത്തി തുറുങ്കിലടച്ചതിനും ന്യായീകരണം ചമച്ചു കൊണ്ടാണല്ലോ തുടരെ തുടരെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് പോലീസ് നിങ്ങളുടെ രണ്ട് പാര്‍ടി അംഗങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ഭാഷ്യത്തെ സ്വന്തം ബുദ്ധി ഉപയോഗിച്ചു വിമര്‍ശന പരമായി ഒന്ന് പരിശോധിക്കാന്‍ പോലും താങ്കള്‍ തയാറാകുന്നില്ല.

മാവോയിസ്റ്റ് അനുകൂലമുള്ള ആരും നിങ്ങളുടെ പാര്‍ടിയില്‍ ഉണ്ടാകാനിടയില്ല എന്ന അബദ്ധ ധാരണയൊന്നും എനിക്കില്ല അതിന് കാരണം കണ്ടെത്തേണ്ടത് നിങ്ങളുടെ പാര്‍ടിയുടെ പ്രത്യയശാസ്ത്ര ജീര്‍ണ്ണതയിലാണ്. പക്ഷെ ജനാധിപത്യവിരുദ്ധമായ പോലീസിന്റെ നീക്കങ്ങളെ തുറന്നെതിര്‍ക്കുന്നതും UAPA പോലുള്ള ഭീകര നിയമങ്ങളെ ഉപയോഗിച്ചുള്ള പോലീസ് വേട്ടയെ എതിര്‍ത്ത് തോല്പിക്കുക എന്നതും പ്രാഥമികമായ ജനാധിപത്യ മര്യാദയാണ്. ജനാധിപത്യ ബോധമുള്ള ഒരു സംഘടനയുടെ പ്രാഥമിക ഉത്തരവാദിത്വവുമാണ്.

സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ഒരു പാര്‍ടിയുടെ, അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍, ഈ സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ തുടരെ നടത്തി കൊണ്ടിരിക്കുന്ന അഭിപ്രായപ്രകടനങ്ങളും, പോലീസിന്റെ വെളിപാടുകള്‍ ഏറ്റു പാടുന്ന താങ്കളുടെ നിലപാടുകളും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം അണികളെ പോലീസ് രാജിന് കീഴ്‌പ്പെടുത്തുന്ന/ പോലീസിന്റെ കാടന്‍ ചെയ്തികള്‍ക്ക് ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാസ്തവത്തില്‍ അലനും താഹയും അറസ്റ്റ് ചെയ്യപ്പെടുന്നത് പെട്രോളിംഗ് നടത്തുന്ന ഒരു പോലീസ് സംഘം യാദൃഛികമായി കസ്റ്റഡിയില്‍ എടുക്കുന്നതോടെയാണ്. എന്തെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴോ അല്ലങ്കില്‍ അത്തരത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകളുടെ പേരിലോ അറസ്റ്റ് ചെയ്യുകയായിരുന്നില്ലല്ലോ? വസ്തുതാപരമായി കുറ്റകൃത്യങ്ങളെക്കുറിച്ചു തെളിവുകള്‍ കണ്ടെത്തി നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിയെടുക്കുന്നതിനും പകരം പോലീസ് ചെയ്തത് എന്തെന്ന് ജനങ്ങള്‍ക്കറിയാം.
നിങ്ങള്‍ ഈ പോലീസ് രാജിന് കൂട്ട് നില്ക്കുന്നത് ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ്.

കസ്റ്റഡിയിലായ ചെറുപ്പക്കാരെ UAPA എന്ന കരിനിയമം ഉപയോഗിച്ച് തടവറയിലടക്കാന്‍ പോലീസുകാര്‍ പാടി നടക്കുന്ന മാവോയിസ്റ്റ് പ്രചാരവേലയും ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദ കഥകളും കൂപമണ്ഡൂകങ്ങളായ സ്വന്തം അണികളില്‍പ്പെട്ട ചിലരെ സംതൃപ്തപെടുത്തിയേക്കും പക്ഷെ നിങ്ങളുടെ പാര്‍ടിയില്‍ തന്നെ എല്ലാവരും അങ്ങിനെയല്ലല്ലോ. ചിന്തിക്കുന്ന, ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളെ അപലപിക്കുന്ന നിരവധി ആളുകള്‍ പാര്‍ടിക്കുള്ളില്‍ ഇപ്പൊഴുമുണ്ടല്ലോ?

നിങ്ങളും പോലീസും ആദ്യം ഒരു പോലെ ഉന്നയിച്ച ആരോപണം അലനും താഹയും മാവോയിസ്റ്റുകളാണന്നാണ്. പോലീസ് അതിനായി ഹാജരാക്കിയ തെളിവുകള്‍ എന്തൊക്കെയായിരുന്നു. എറണാകുളത്ത് അലന്‍ പങ്കെടുത്ത – ഒരു പരിപാടിയുടെ ഫോട്ടോ ആയിരുന്നു ഒന്ന്. രണ്ടാമത് വായനാട്ടില്‍ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ മഹാധര്‍ണ്ണക്ക് വേണ്ടി തയ്യാറാക്കിയ പുതിയ മുന്നേറ്റങ്ങള്‍ക്കായി തയാറാവുക എന്ന നോട്ടീസാണ്

ഇതിലൂടെ CPM ഉം പോലീസും ലക്ഷ്യം വെക്കുന്നത് എന്താണന്ന് ഞങ്ങള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കും ലഭ്യമാകേണ്ട 525000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍ കമ്പനിയുടെ ബിനാമി ടാറ്റ ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് ഉറപ്പ് വരുത്താനള്ള നീക്കങ്ങള്‍ നടത്തുന്ന പിണറായി സര്‍ക്കാറിന്റെ നയത്തിനെതിരെ കൂടിയാണ് വയനാട്ടിലെ തൊവരിമല
ഭൂസമരം.

ഏപ്രില്‍ 24ന് തൊവരിമല ഭൂമിയില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ചു കുടിയിറക്കിയ ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍ ഏഴുമാസമായി വയനാട് കളക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ച സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഈയൊരു സമരത്തിന്റെ ഭാഗമായി ഞങ്ങള്‍ അടിച്ചിറക്കിയ ആയിരക്കണക്കിന് നോട്ടീസുകളില്‍ ഒന്ന് കയ്യില്‍ വെച്ചു എന്നത് UAPA ചുമത്താനുള്ള കുറ്റങ്ങളില്‍ ഒന്നായി നിങ്ങള്‍ കാണുന്നുണ്ടോ? കാര്യങ്ങളുടെ കിടപ്പു ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. തൊവരിമല ഭൂസമരത്തിന്റെ നോട്ടീസ് UAPA ചുമത്താവുന്ന കുറ്റമാകുന്നത് എങ്ങിനെയാണ്?

ഇനി എറണാകുളം പരിപാടിയെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍. താങ്കള്‍ CPM എന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് എന്നതിനാല്‍ സാര്‍വദേശീയവും ദേശീയവുമായ സംഭവ വികാസങ്ങളെക്കുറിച്ചെല്ലാമുള്ള ചെറിയ ചില ധാരണകളൊക്കെ ഉണ്ടാവുന്നത് ഒരു മോശപ്പെട്ട കാര്യമല്ലല്ലോ? തല്കാലം ഒരു കാര്യം ചെയ്യാവുന്നതാണ്. കുര്‍ദ്ദു വംശജര്‍ നടത്തി കൊണ്ടിരുന്ന പോരാട്ടങ്ങളെക്കുറിച്ച്, മരിക്കുന്നതിന് മുമ്പ് സഖാവ്:പി.ജി (പി.ഗോവിന്ദപ്പിള്ള) ചിന്താവാരികയില്‍ സാര്‍വ്വദേശീയ സംഭവ വികാസങ്ങള്‍ എന്ന പംക്തിയില്‍ എഴുതിയ നിരവധി ലേഖനങ്ങള്‍ ഉണ്ട്. ചില ലേഖനങ്ങളെങ്കിലും സംഘടിപ്പിച്ചു വായിക്കുക. അത്തരം സമരങ്ങളുടെ തുടര്‍ച്ചയായി ഇന്ന് തുര്‍ക്കി ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെയായിരുന്നു ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച എറണാകുളം പരിപാടി. ആ പരിപാടി ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു. മാത്രമല്ല അത് ആത്യന്തികമായി ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെയുമായിരുന്നു.

തുര്‍ക്കിയിലെ ഫാസിസ്റ്റ് ഭരണകൂടം കുര്‍ദ്ദിഷ് വിമോചന പോരാട്ടങ്ങളെ ഐ. എസ്സ്. ഐ. എസ്സ് എന്ന ഇസ്ലാമിക തീവ്രവാദികളോടൊപ്പം ചേര്‍ന്നു കൊണ്ട് നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. സാര്‍വദേശീയമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയാണ് പല രാജ്യങ്ങളിലേയും മര്‍ദ്ദക ഭരണകൂടങ്ങള്‍ മത തീവ്രവാദികളെക്കൂടി ഉപയോഗപെടുത്തിക്കൊണ്ട് ഇന്ന് ജനാധിപത്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള ഇത്തരം സമരത്തെ പോലും ഇല്ലായ്മ ചെയ്യുന്നത് എന്ന് അറിയാമല്ലോ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അലന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി തുര്‍ക്കിയിലേയും ഇറാഖിലേയും സിറിയയിലേയും കുര്‍ദു ജനവിഭാഗങ്ങള്‍ നടത്തുന്ന റൊജാവോ എന്ന ഒരു ജനാധിപത്യ / സോഷ്യലിസ്റ്റ് സമൂഹത്തിന് വേണ്ടി പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഡ്യമായിരുന്നു. CPIM Lറെഡ്സ്റ്റാര്‍ ഉള്‍പ്പെടുന്ന ICOR ( കമ്യൂണിസ്റ്റ് പാര്‍ടികളുടേയും വിപ്ലവ ഗ്രൂപ്പുകളുടെയും സാര്‍വ്വദേശീയ പ്രസ്ഥാനം) ചുരുങ്ങിയത് 54 രാജ്യങ്ങളില്‍ എങ്കിലും റൊജാവോ ഐക്യദാര്‍ഡ്യ കാമ്പെയിന്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്. ലോകത്തെങ്ങുമുള്ള പുരോഗമന, ജനാധിപത്യ വിപ്ലവ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒറ്റക്കെട്ടായി ഇന്ന് കുര്‍ദ്ദിഷ് വിമോചന പോരാട്ടത്തെ പിന്തുണയ്ക്കുന്നു.

ഫലസ്റ്റീന്‍ വിമോചന പോരാട്ടംപോലെ, വിമോചന പോരാട്ടങ്ങളുടെ പ്രതീകമാണ് ഇന്ന് റൊജാവോ. താങ്കള്‍ക്ക് ഇതിലൊന്നും വലിയ താല്പര്യമുണ്ടാകില്ലെന്നറിയാം എങ്കിലും ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ റൊജാവോയിലെ മത തീവ്രവാദികള്‍ക്കും ഭരണകൂടത്തിനും എതിരെ പൊരുതുന്നത് കുര്‍ദ്ദിഷ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള YPJ എന്ന ജനകീയ മുന്നണിയാണ്. ICOR (സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പാര്‍ടി ക ളുടേയും വിപ്ലവ സംഘടനകളുടേയും പൊതുവേദി) റൊജാവോയിലെ യുദ്ധമുഖത്ത് ആശുപത്രികള്‍ പണി തീര്‍ത്തു കൊണ്ട് അവരുടെ പോരാട്ടങ്ങളെ സഹായിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനത്തില്‍ CPI MLറെഡ്സ്റ്റാറും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ പോരാട്ടം ഇസ്ലാമിക തീവ്രവാദത്തെ ആഗോളാടിസ്ഥാനത്തില്‍ നയിക്കുന്ന l S I S എന്ന ഭീകര സംഘത്തിനെതിരെ കൂടിയാണ്. കട കേന്ദ്രങ്ങളില്‍ പട്ടാളക്കാരുടെ ലൈംഗിക താല്പര്യങ്ങള്‍ക്കായി അടിമകളാക്കപ്പെട്ട മുസ്ലീം സഹോദരികളെ രക്ഷിക്കാന്‍ കേമ്പുകളില്‍ ഇരച്ചു കയറി ആയിരങ്ങളെ മോചിപ്പിക്കുന്ന ജോലിയും ഈ പോരാട്ടത്തില്‍ YPJ നിര്‍വഹിക്കുന്നു

ഇന്നത്തെ ലോകസാഹചര്യങ്ങളെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും അതിന്റെ ചലന നിയമങ്ങളും മനസ്സിലാക്കാന്‍ കുറച്ച് സമയമെങ്കിലും ചെലവഴിച്ച് ശ്രമിച്ചാല്‍ താങ്കള്‍ ഇന്ന് പടച്ചു വിടുന്ന വിതണ്ഡവാദങ്ങളിലേക്കും പോലീസ് മേധാവികള്‍ പടച്ചു വിടുന്ന കഥകള്‍ ഏറ്റു പാടേണ്ട ഗതികേടിലേക്കും താങ്കള്‍ക്ക് പോവേണ്ടി വരുമായിരുന്നില്ല. ഇത് സൂചിപ്പിക്കുന്നത് പോലീസ് അലന്റെയും താഹയുടേയും മാവോയിസ്റ്റ് ബന്ധമാരോപിക്കാന്‍ ഉന്നയിച്ച റൊജാവോ പിന്തുണ എന്ന വാദമുഖത്തെ പൊളിക്കുന്നതാണ്. റൊജാവോയിലെ പോരാട്ടം തന്നെ ഇസ്ലാമിക തീവ്രവാദ ഫാസിസ്റ്റ് കൂട്ട് കെട്ടിനെതിരെ ആണ്. പോലീസിന് ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകുമെങ്കിലും നിങ്ങള്‍ക്കെങ്കിലും ഇത് മനസ്സിലാവേണ്ടതാണല്ലോ?

പ്രശ്‌നം ജനാധിപത്യവിരുദ്ധമായ പോലീസ് നടപടികളെ ന്യായികരിക്കേണ്ടി വരുന്ന നിങ്ങളുടെ ഗതികേടിന്റേതാണ്. സി.പി.ഐ (എം) ഇന്നെത്തി നില്‍ക്കുന്ന പ്രത്യയശാസ്ത്ര ജീര്‍ണ്ണതയുടെ ആഴം വളരെ വലുതാണ്. സ്വാഭാവികമായും അതിന്റെ അണികള്‍ ചിന്തിക്കാനും ആ ജീര്‍ണ്ണതകളെ തിരിച്ചറിയാനും തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് പോലീസ് രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പുതിയ നീക്കം. മുമ്പ് ഞങ്ങളെ പോലുള്ളവര്‍ക്കെതിരെയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ സ്വന്തം അണികളെ ഭീഷണിപ്പെടുത്താനും അടക്കി നിര്‍ത്താനും പോലീസിനെ ഉപയോഗിക്കുന്നു എന്ന് മാത്രം.

WATCH THIS VIDEO:

എം.പി കുഞ്ഞിക്കണാരന്‍
സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗം