ടി-20 വേള്‍ഡ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും എക്കോണോമിക്കലായ സ്‌പെല്‍ എറിഞ്ഞാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ പപ്പുവ ന്യൂ ഗിനിക്കെതിരെ എറിഞ്ഞ നാല് ഓവറില്‍ ഒന്നില്‍ പോലും റണ്‍ വഴങ്ങാതെയാണ് ഫെര്‍ഗൂസന്‍ റെക്കോഡിട്ടത്. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയും ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യവുമാണ് ഇത്തരമൊരു നേട്ടം പിറവിയെടുക്കുന്നത്.
2021ല്‍ കനേഡിയന്‍ സൂപ്പര്‍ താരവും നിലവില്‍ ടീമിന്റെ ക്യാപ്റ്റനുമായ സാദ് ബിന്‍ സഫറാണ് ഈ നേട്ടത്തിലാദ്യമെത്തിയത്. പനാമക്കെതിരായ മത്സരത്തില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ നാല് ഓവറും എറിഞ്ഞ് തീര്‍ത്താണ് സാദ് ബിന്‍ സഫര്‍ ഈ ചരിത്ര റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ താരമായത്. മത്സരത്തില്‍ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി.
അന്താരാഷ്ട്ര ടി-20യില്‍ ഒരു താരം ഏറ്റവും കൂടുതല്‍ മെയ്ഡനുകള്‍ എറിഞ്ഞതോടെ മറ്റ് ഫോര്‍മാറ്റുകളില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം മെയ്ഡനുകളെറിഞ്ഞ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഈ നേട്ടം കയ്യടക്കിവെച്ചിരിക്കുന്നത് ഇംഗ്ലണ്ട് ഇതിഹാസ താരം ബോബി പീല്‍ ആണ്. 1885ല്‍ അദ്ദേഹം സ്ഥാപിച്ച ഈ റെക്കോഡ് നേട്ടം ഒരു നൂറ്റാണ്ടിനിപ്പുറവും ഒരു കോട്ടവും തട്ടാതെ തലയുയര്‍ത്തി നില്‍ക്കുകയാണ്.
1885 ജനുവരി ഒന്ന് മുതല്‍ അഞ്ച് വരെ മെല്‍ബണില്‍ നടന്ന ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലാണ് ബോബി പീല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരമായിരുന്നു അത്.
102.1 ഓവറാണ് ആദ്യ ഇന്നിങ്‌സില്‍ പീല്‍ ആകെ എറിഞ്ഞത്. ഇതില്‍ 56 ഓവറിലും താരം റണ്‍സ് വഴങ്ങിയിരുന്നില്ല! വിട്ടുകൊടുത്തതാകട്ടെ 78 റണ്‍സും. മൂന്ന് വിക്കറ്റും താരം നേടി. 102.1 – 56 – 78 – 3 – 0.76 എന്നതായിരുന്നു ആദ്യ ഇന്നിങ്‌സില്‍ പീലിന്റെ ബൗളിങ് ഫിഗര്‍.
മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഫോളോ ഓണ്‍ വഴങ്ങേണ്ടി വരികയും ഇംഗ്ലണ്ട് 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ഏകദിനത്തില്‍ രണ്ട് താരങ്ങളാണ് ഈ റെക്കോഡ് നേട്ടത്തിലുള്ളത്. എട്ട് മെയ്ഡന്‍ ഓവറുകളാണ് ഒരു ഏകദിന ഇന്നിങ്‌സില്‍ ഇരുവരും നേടിയത്.
1975ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇതിഹാസ താരം ബിഷന്‍ സിങ് ബേദിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 1975 മാര്‍ച്ച് ആറിന് ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ആഫ്രിക്കയായിരുന്നു എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് ആഫ്രിക്ക 55.3 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി മദന്‍ ലാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സയ്യദ് ആബിദ് അലിയും മോഹീന്ദര്‍ അമര്‍നാഥും രണ്ട് വിക്കറ്റ് വീതവും നേടി.
രണ്ട് ഈസ്റ്റ് ആഫ്രിക്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ബിഷന്‍ സിങ് ബേദിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. 12 ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിക്കൊണ്ടാണ് ബേദി പന്തെറിഞ്ഞത്. ഇതില്‍ എട്ട് ഓവറുകളിലും താരം റണ്‍സൊന്നും വഴങ്ങിയിരുന്നില്ല.
12 – 8 – 6 – 1 – 0.50 എന്നതായിരുന്നു താരത്തിന്റെ പ്രകടനം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഫാറൂഖ് എന്‍ജിനീയറുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി.
ഏകദിന ഫോര്‍മാറ്റ് 50 ഓവറിലേക്ക് മാറിയ ശേഷവും ഒരു ഇന്നിങ്‌സില്‍ എട്ട് മെയ്ഡന്‍ എന്ന നേട്ടം വീണ്ടും പിറവിയെടുത്തു. വിന്‍ഡീസ് ഇതിഹാസ താരം ഫില്‍ സിമ്മണ്‍സാണ് ഈ നേട്ടം സ്വന്തമാക്കിയത്.
1992 ഡിസംബര്‍ 17ന് സിഡ്‌നിയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – പാകിസ്ഥാന്‍ മത്സരത്തിലാണ് സിമ്മണ്‍സിന്റെ ഈ മാജിക്കല്‍ സ്‌പെല്‍ പിറവിടെയുത്തത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഡെസ്മണ്ട് ഹെയ്ന്‍സിന്റെ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.
ജാവേദ് മിയാന്‍ദാദ് അടക്കമുള്ള ഇതിഹാസ താരങ്ങളുണ്ടായിട്ടും മത്സരത്തില്‍ 48 ഓവര്‍ ബാറ്റ് ചെയ്തിട്ടും പാകിസ്ഥാന് വെറും 81 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. പാകിസ്ഥാന് ഈ വിധി സമ്മാനിച്ചതാകട്ടെ ഫില്‍ സിമ്മണ്‍സ് എന്ന വലംകയ്യന്‍ പേസറും.
പത്ത് ഓവര്‍ പന്തെറിഞ്ഞ താരം എട്ട് ഓവറിലും ഒറ്റ റണ്‍സ് പോലും വഴങ്ങിയില്ല. മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആമേര്‍ സൊഹൈലിന്റെയും മിയാന്‍ദാദിന്റെയുമടക്കം നാല് വിക്കറ്റും പിഴുതു.
ബിഷന്‍ സിങ് ബേദിയുടെ റെക്കോഡിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്നതായിരുന്നു സിമ്മണ്‍സിന്റെ പ്രകടനം. ഇരുവരും എട്ട് മെയ്ഡനുകളാണ് എറിഞ്ഞതെങ്കില്‍ക്കൂടിയും ബേദി നാല് ഓവറില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ട് ഓവറില്‍ മാത്രമാണ് വിന്‍ഡീസ് ഇതിഹാസം റണ്‍ വിട്ടുകൊടുത്തത്.
Content highlight: Most Maidens bowled by a bowler in each format