ന്യൂദല്‍ഹി: രാജ്യത്ത് സ്‌കൂളില്‍ പഠിക്കാനാകാത്ത പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. സി.പി.ഐ.എം എം.പി എ.എ. റഹീമിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
രാജ്യത്താകെ, പ്രാഥമിക തലത്തില്‍ 9,30,531 കുട്ടികളും സെക്കന്‍ഡറി തലത്തില്‍ 3,22,488 വിദ്യാര്‍ത്ഥികളും സ്‌കൂളിന് പുറത്താണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ സ്‌കൂളിന് പുറത്തുള്ള കുട്ടികളുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
രണ്ടാം സ്ഥാനം ഗുജറാത്തിനുമാണ്.
സ്‌കൂളില്‍ ചേരാതിരിക്കുകയോ, പാതി വഴിയില്‍ സ്‌കൂള്‍ ഉപേക്ഷിച്ചു പോയതോ ആയ കുട്ടികളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കാണിത്. 3,96,655 കുട്ടികളാണ് പ്രാഥമിക തലത്തില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികള്‍. ഗുജറത്തിലത്
പ്രാഥമിക തലത്തില്‍ 1,068,55 കുട്ടികളും സെക്കന്‍ഡറി തലത്തില്‍ 36,522 സ്‌കൂളിന് പുറത്താണ്.
രാജ്യത്ത് ബി.ജെ.പി, മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥയാണ് ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് എ.എ. റഹീം എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പുരോഗമനപരമായ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഈ കണക്കുകള്‍ക്ക് പ്രധാനമന്ത്രിയും ബി.ജെ.പിയും മറുപടി നല്‍കണം. ഇതില്‍ നിന്ന് വെത്യസ്തമായി, കേരളത്തിലെ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം നാമമാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യമാണ് ഈ പട്ടികയില്‍ അഭിമാനകരമായ സ്ഥാനം സംസ്ഥാനത്തിന് ലഭിക്കാന്‍ കാരണം.
രാജ്യത്ത്, സ്‌കൂളിന് പുറത്തുള്ള മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാനും,
സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാരും,ഇതര സംസ്ഥാന സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണം.
ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയം പുനര്‍വായനക്ക് വിധേയമാക്കണം.
ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം തികച്ചും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. ഇത് പൂര്‍ണമായി നടപ്പിലാക്കുന്നത് വിദൂര പ്രദേശങ്ങളിലെ നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ എന്‍ഇപി പിന്‍വലിക്കണമെന്നും കൂടുതല്‍ പുരോഗമനപരമായ വിദ്യാഭ്യാസ നയം രൂപീകരിക്കണം,’ എ.എ. റഹീം പറഞ്ഞു.