Kerala News
'പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും'; മലയാളി വ്‌ളോഗറുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 01, 02:34 pm
Tuesday, 1st March 2022, 8:04 pm

ദുബായ്: വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം.

സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ എന്ത് കോപ്രായം കാണിക്കുമ്പോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്‌ലിങ്ങള്‍.

ഇന്‍സ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. ഇന്‍സ്റ്റയില്‍ തള്ളുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും പാഠമാണിത്. വളര്‍ത്തിയ മാതാപിതാക്കളെ ജയിലില്‍ ആക്കി, ആത്മഹത്യ ആയിരുന്നെങ്കില്‍ കേരളത്തില്‍ വന്ന് ചെയ്ത് കൂടായിരുന്നോ. ലൈക്ക് വര്‍ധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,’ തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാര്‍ത്തക്ക് താഴെയുള്ളത്.

വിഷയത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസും രംഗത്തെത്തി. എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യല്‍ മീഡിയയെന്നും സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടതെന്നും ഷിംന ഫേസ്ബുക്കില്‍ എഴുതി.

‘കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്.

ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?,’ ഷിംന അസീസ് എഴുതി.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ ഇന്ന് പുലര്‍ച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തര്‍ത്തകര്‍ അറിയിച്ചു.

CONTENT HIGHLIGHTS:  Moral cyber hate following the news that vlogger and album star Rifa Mehne  was found dead in Dubai.