മുന്‍ ചിത്രങ്ങളുടെ ഒരു നിഴല്‍ പോലും ഇല്ലാതെ നിവിന്‍ മൂത്തോനിലെ ഭായിയായി. നിവിന്റെ സേഫ് സോണ്‍ എന്ന് പറയുന്ന അഭിനയ രീതിയില്‍ നിന്ന് ഏറെ മാറി നടക്കാന്‍ മൂത്തോനില്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച സംവിധായകരുടെ കൈകളില്‍ ലഭിച്ചാല്‍ ഇനിയും ആയാളിലെ അഭിനയതാവിനെ ചൂഷണം ചെയ്യാമെന്ന് എന്ന് തെളിക്കൂന്നതാണ് മൂത്തോനിലെ നിവിന്റെ പ്രകടനം.
Moothon Review: കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയേറ്ററുകളില്‍ എത്തി. തിയേറ്ററില്‍ സ്‌ക്രീനും കാഴ്ചക്കാരനും മാത്രമാകുന്ന മാജിക്കിലേക്ക് ചിത്രത്തിനെ കൊണ്ടു പോകാന്‍ സംവിധായകക്ക് കഴിയുന്നുണ്ട്.
പാട്ട്, സ്റ്റണ്ട്, പ്രണയം, പ്രതികാരം, കോമഡി എന്നിവ കൂട്ടിചേര്‍ത്തുള്ള ഒരു സ്ഥിരം കച്ചവട സിനിമയല്ല മൂത്തോന്‍. ഗീതുമോഹന്‍ ദാസിന്റെ മുന്‍ ചിത്രമായ ‘ലയേഴ്‌സ് ഡൈസ്’ എന്ന സിനിമ ഓര്‍മ്മിപ്പിക്കുന്ന പ്ലോട്ട് തന്നെയാണ് മൂത്തോന്റെയും.
ലക്ഷദ്വീപില്‍ നിന്ന് തന്റെ മൂത്ത ചേട്ടനെ കണ്ടെത്തുന്നതിനായി മുംബൈയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുല്ല എന്ന കുട്ടിയുടെ ജീവിതത്തില്‍ നിന്നാണ് മൂത്തോന്‍ ആരംഭിക്കുന്നത്. മുല്ലയുടെ ഉമ്മ മരിച്ചു. അടുത്ത ബന്ധുവായ മൂസയുടെ അടുത്താണ് മുല്ല താമസിക്കുന്നത്. എന്നാല്‍ ദ്വീപിലെ ജീവിതം മുല്ലക്ക് അത്ര സുഖമുള്ളതല്ല. മുല്ലയുടെ രണ്ട് സുഹൃത്തുക്കള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം മുല്ലയെ ദ്രോഹിക്കുന്നുണ്ട്. അക്ബര്‍ എന്ന അവന്റെ ചേട്ടന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് മുല്ല ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ബര്‍ മുംബൈയിലേക്ക് നാടുവിട്ടതാണ്. അത് എന്തിനാണെന്ന് മുല്ലയ്ക്ക് അറിയില്ല. ഒരു പ്രണയം തകര്‍ന്നത് കൊണ്ടാണ് എന്ന് മാത്രം മ ആരോ മുല്ലയോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഒരു രാത്രിയില്‍ തന്റെ മൂത്തോനെ (മൂത്തവന്‍/ജേഷ്ഠന്‍) കണ്ട് പിടിക്കുന്നതിനായി ബോട്ടില്‍ യാത്ര തുടരുന്നിടത്താണ് മൂത്തോന്‍ എന്ന സിനിമ ആരംഭിക്കുന്നത്.
മുംബൈയില്‍ മുല്ല എത്തുകയും തുടര്‍ന്ന് ഭായി എന്ന ലോക്കല്‍ ഗുണ്ട നേതാവിന്റെ കൈയ്യില്‍ മുല്ല അകപ്പെടുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു. നിവിന്‍ പോളിയാണ് ഭായി എന്ന ലോക്കല്‍ ഗുണ്ട നേതാവ് ആകുന്നത്. സഞ്ജന ദീപു, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് നിവിന്‍ മൂത്തോനില്‍ ചെയ്തിരിക്കുന്നത്. പ്രണയവും ക്രൗര്യവും ഒരേ പോലെ കണ്ണുകള്‍ കൊണ്ട് പോലും കാണിക്കാന്‍ നിവിന് കഴിഞ്ഞു. മുന്‍ ചിത്രങ്ങളുടെ ഒരു നിഴല്‍ പോലും ഇല്ലാതെ നിവിന്‍ മൂത്തോനിലെ ഭായിയായി. നിവിന്റെ സേഫ് സോണ്‍ എന്ന് പറയുന്ന അഭിനയ രീതിയില്‍ നിന്ന് ഏറെ മാറി നടക്കാന്‍ മൂത്തോനില്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച സംവിധായകരുടെ കൈകളില്‍ ലഭിച്ചാല്‍ ഇനിയും ആയാളിലെ അഭിനയതാവിനെ ചൂഷണം ചെയ്യാന്‍ ഉണ്ട് എന്ന് തെളിക്കൂന്നതാണ് മൂത്തോനിലെ നിവിന്റെ പ്രകടനം. സിനിമയിലെ കുത്ത് റാത്തീബ് രംഗങ്ങളും ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള നിവിന്റെ പ്രകടനങ്ങളും ഇതിന് ഉദാഹരണമാണ്.
മുല്ലയായി എത്തിയ സഞ്ജന ദീപു മികച്ച പ്രകടനം നടത്തി. സിനിമയുടെ ആദ്യ പകുതിയില്‍ മുല്ല എന്ന കഥാപാത്രം ഭായിയെയും പ്രേക്ഷകനെയും ഒരേപോലെ ഞെട്ടിപ്പിക്കുന്നുണ്ട്. എന്നാല്‍ മുല്ല ഒരിക്കലും അതിശയോക്തി ഉണ്ടാക്കുന്ന കഥാപാത്രമല്ല.
റോഷന്‍ മാത്യുവിന്റെ അമീറും മികച്ച കഥാപാത്ര സൃഷ്ടിയായിരുന്നു. സംസാര ശേഷിയില്ലാത്ത എന്നാല്‍ അതി മനോഹരമായി പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് അമീര്‍. വെറുതെയല്ല അനുരാഗ് കശ്യപ് തന്റെ അടുത്ത വര്‍ക്കിലെക്ക് നായകനായി റോഷനെ ക്ഷണിച്ചത്.
ലക്ഷദ്വീപ് ഭാഷ അതി മനോഹരമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ദ്വീപിലെ ജീവിതവും മുംബൈ നഗരത്തിന്റെ ജീവിതവും ചിത്രത്തില്‍ വരച്ച് കാണിക്കാന്‍ സംവിധായകയ്ക്കും ക്യാമറമാനും സാധിച്ചിട്ടുണ്ട്. മുംബൈ എന്ന നഗരത്തിനെ സിനിമകളില്‍ കാണിച്ചിട്ടുള്ള ഒരു ഫ്രെയ്മും ചിത്രത്തില്‍ ഇല്ല. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അക്ബറിനെ അമീര്‍ മുംബൈയിലെക്ക് ക്ഷണിക്കുന്നുണ്ട്. പ്രാവുകള്‍ പറക്കുന്ന, ബീച്ചുകളില്‍ സൂര്യോദയവും സൂര്യാസ്തമായവും കാണാന്‍ കഴിയുന്ന ഒരു മുംബൈ നഗരത്തിലേക്ക്. എന്നാല്‍ മുംബൈ നഗരത്തില്‍ ആരും തിരിഞ്ഞു നോക്കാത്ത യാഥാര്‍ത്ഥ്യത്തിലേക്കാണ് അക്ബര്‍ എത്തിപ്പെട്ടത്.
മലയാള സിനിമ പൊതുവെ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന അല്ലെങ്കില്‍ തെറ്റായി കൈകാര്യം ചെയ്തിട്ടുള്ള ഒന്നാണ് സ്വവര്‍ഗ പ്രണയം. അതി മനോഹരമായ എന്നാല്‍ ശുഭപര്യവസായി അല്ലാത്ത ഒരു സ്വവര്‍ഗ പ്രണയം ചിത്രത്തില്‍ വരുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടില്‍ ഈ പ്രണയത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു തിയേറ്ററില്‍ നിന്ന് ഉയര്‍ന്ന അടക്കി പിടിച്ച ചിരികളും കമന്റുകളും.
ചിത്രത്തില്‍ ജസരി എന്ന ദ്വീപ് ഭാഷയ്ക്ക് പുറമേ ഹിന്ദിയും കടന്നുവരുന്നുണ്ട്. അനുരാഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റിംഗ്. രാജീവ് രവിയുടെ ക്യാമറ ദ്വീപിന്റെ മനോഹാരിതയും മുംബൈയുടെ മുരടിപ്പും മനോഹരമായി കാണിച്ചു തരുന്നുണ്ട്.
സിനിമയില്‍ ചെറിയ ചില ലോജിക്കല്‍ പ്രശ്‌നങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെടും. മുല്ലയുടെ മുന്‍കാല ജീവിതം എന്താണ്, എന്നതിലും മറ്റും. എന്നാല്‍ സിനിമയുടെ ആകെ തുകയില്‍ അതെല്ലാം മറന്നുകളയാവുന്നതാണ്. നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവം തന്നെയാണ് മൂത്തോന്‍.