ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങണമെന്ന് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോണ്ടി പനേസര്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീം നേരിട്ട പരാജയങ്ങള്‍ക്ക് പിന്നാലെയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘അത് ശക്തമായ ഒരു നിര്‍ദേശമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ സാഹചര്യത്തില്‍ ഗംഭീറിന് വര്‍ക് ലോഡ് വളരെയധികമാണ്, പ്രത്യേകിച്ചും പരിശീലകനായി കാര്യമായ മുന്‍പരിചയമില്ലാത്ത ആളായതിനാല്‍.
‘ഞാന്‍ അദ്ദേഹത്തിനൊപ്പം കുറച്ച് കാലം മുമ്പേ കളിച്ചതാണ്, എന്നാലിപ്പോള്‍ ഗംഭീര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു’ എന്ന് ചിന്തിക്കുന്നതിനാല്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. ഇത് രണ്ട് ഭാഗത്തിനും ബുദ്ധിമുട്ടായിരിക്കും,’ പനേസര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഗംഭീറിന്റെ ബാറ്റിങ് പ്രകടനം മോശമായിരുന്നു എന്നും പനേസര്‍ അഭിപ്രായപ്പെട്ടു.
‘എല്ലാത്തിലുമുപരി, ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ശരാശരിക്കും താഴെയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെറും 23 ആണ് ഗംഭീറിന്റെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നും തന്നെ ഇല്ല. രണ്ട് സാഹചര്യങ്ങളിലും ഗംഭീര്‍ ബുദ്ധിമുട്ടിയിരുന്നു,’
വിവിധ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്തിയ വി.വി.എസ്. ലക്ഷ്മണിനെ പരിശീലക സ്ഥാനത്ത് പരിഗണിക്കാമെന്നും പനേസര്‍ അഭിപ്രായപ്പെടുന്നു.
‘എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയ ഒരു ഇതിഹാസ താരം ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തില്‍ എക്‌സ്പീരിയന്‍സ്ഡായ താരത്തിന് സാധാരണമായും ബഹുമാനം ലഭിക്കും.
ഗംഭീര്‍ പൂര്‍ണമായും കോച്ചിങ്ങില്‍ ശ്രദ്ധ പുലര്‍ത്തണമോ അതോ ഏകദിനത്തിലും ടി-20യിലും മാത്രമായിരിക്കണമോ എന്ന കാര്യം സെലക്ടര്‍മാര്‍ ചിന്തിക്കണം. വി.വി.എസ്. ലക്ഷ്മണിനെ പോലെ ഒരു താരത്തെ ഇന്ത്യയുടെ ടെസ്റ്റ് പരിശീലകനായോ അതുമല്ലെങ്കില്‍ ഗംഭീറിന് കീഴില്‍ ബാറ്റിങ് പരിശീലകനായോ കൊണ്ടുവരാന്‍ ടീമിന് സാധിക്കും,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ യുഗത്തില്‍ പല മോശം റെക്കോഡുകളും ഇന്ത്യയെ തേടിയെത്തി. സ്വന്തം മണ്ണില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പരമ്പര പരാജപ്പെടുന്നത് മുതല്‍ കിവികളോട് വൈറ്റ്‌വാഷ് തോല്‍വിയേറ്റുവാങ്ങിയതടക്കമുള്ള മോശം നേട്ടങ്ങള്‍ ഗംഭീറിന്റെ ശിക്ഷണത്തില്‍ ഇന്ത്യയെ തേടിയെത്തി.
– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.
– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.
– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.
– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.
– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.
– ചരിത്രത്തിലാദ്യമായി ഇന്ത്യ ഇന്ത്യയില്‍ വെച്ച് ന്യൂസിലാന്‍ഡിനോട് പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.
– 2000ന് ശേഷം ഒന്നിലധികം മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാതെ പരാജയം.
– 2012ന് ശേഷം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയം.
– ഹോം കണ്ടീഷനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം (3-0).
– 2014-15ന് ശേഷം ഓസ്ട്രേലിയക്കെതിരെ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു.
– ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ല.
Content highlight: Monty Panesar says Gautam Gambhir should step down from India’s test coach