'കൈവിട്ടു പോയേക്കാം, കാലവർഷം പടിവാതിൽക്കൽ'; ഇന്ത്യയുടെ സങ്കീർണ്ണമായ കൊവിഡ് പോരാട്ടത്തിലെ അതിസങ്കീർണ്ണ വെല്ലുവിളികൾ ഇവ
national news
'കൈവിട്ടു പോയേക്കാം, കാലവർഷം പടിവാതിൽക്കൽ'; ഇന്ത്യയുടെ സങ്കീർണ്ണമായ കൊവിഡ് പോരാട്ടത്തിലെ അതിസങ്കീർണ്ണ വെല്ലുവിളികൾ ഇവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 7:29 pm

ന്യൂദൽഹി: രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ആശങ്കയുയർത്തി കാലവർഷവും. കേന്ദ്ര ​ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,45,380 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​കൊവിഡ് മുക്തമായി കണക്കാക്കപ്പെട്ട ​ഗോവ, മണിപൂർ, ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 37 ശതമാനവും മഹാരാഷ്ട്രയിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും, മുൻ അനുഭവങ്ങളും രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. ഇന്ത്യയുടെ അതിസങ്കീർണ്ണമായ കൊവിഡ് പോരാട്ടത്തിൽ വെല്ലുവിളി ഉയർത്തുന്നതായിരിക്കും ജൂൺ മാസത്തിൽ ആരംഭിക്കുന്ന കാലവർഷം. കേരളത്തിൽ ജൂൺ അഞ്ച് മുതൽ കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു കഴിഞ്ഞു.

കാലവർഷവും, ആശങ്കയിലാകുന്ന പശ്ചിമ തീരവും

ജൂൺ അഞ്ചിന് കാലവർഷം ആരംഭിക്കുന്ന കേരളമുൾപ്പെടെയുള്ള പശ്ചിമ തീരങ്ങളിൽ കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കേരള, കർണാടക ​ഗോവ, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടമാണ് കാലവർഷത്തിൽ ഉണ്ടായത്.

മുംബൈയിലും മഴയെത്തും

കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം അനുസരിച്ച് അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ മഴയെത്തും. ഇതുകൂടിയായാൽ നേരത്തെ തന്നെ കൊവിഡ് വെല്ലുവിളിയിൽ തകർന്ന് നിൽക്കുന്ന മുംബൈയിൽ സ്ഥിതി കൂടുതൽ വഷളാകും. ഇതുവരെ 1026 ആളുകളാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ബം​ഗാളിൽ ഉംപൂൺ ചുഴലിക്കാറ്റ് ഉയർത്തിയ ഭീഷണിയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജൂൺ പകുതിയോട് കൂടി സാധാരണ അസം, ബം​ഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രളയം ഉണ്ടാകാറുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയം വലിയ ദുരന്തം തന്നെ തീർക്കാറുണ്ട്.

ഡെങ്കിപ്പനിയുടെയും മലേറിയയുടെയും സീസൺ

ഭൗമ ശാസ്ത്രപരമായ കാരണങ്ങൾക്കുപരി കാലവർഷത്തോടൊപ്പം എത്തുന്ന ജപ്പാൻ പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ അസുഖങ്ങളും ആരോ​ഗ്യ സംവിധാനത്തിന് കൊവിഡ് 19ന്റെ കൂടി പശ്ചാത്തലത്തിൽ കടുത്ത വെല്ലുവിളികൾ തന്നെ തീർത്തേക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക