നെടുമുടി വേണുവിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാ ലോകം.
വിനീത് ശ്രീനിവാസന്‍, പൃഥ്വിരാജ്, ബിജുമേനോന്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങളാണ് മലയാളത്തിന്റെ പ്രിയ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
‘അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാന്‍ എന്തെഴുതാനാണ്. വല്ലാത്തൊരു ശൂന്യത.. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേള്‍പ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ധൈര്യം തന്ന ആ ഫോണ്‍ വിളിയും എല്ലാം മിന്നിമറയുന്നു.
പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്. മറക്കില്ല, മറക്കാനാവില്ല,’ എന്നാണ് വിനീത് നെടുമുടി വേണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
‘ആദരാഞ്ജലികള്‍ വേണു അങ്കിള്‍, താങ്കളുടെ ചിത്രങ്ങളും അഭിനയ ശൈലിയും തലമുറകള്‍ക്കുള്ള പാഠപുസ്തകമാണ്. വിട ഇതിഹാസമേ,’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തിട്ടുള്ളത്.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.
തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.