കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ഗോളിന് ഗോൾ; കൊച്ചിയിൽ ഗോൾ മഴ! കൊമ്പന്മാർ വീണു
ISL
കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ഗോളിന് ഗോൾ; കൊച്ചിയിൽ ഗോൾ മഴ! കൊമ്പന്മാർ വീണു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th March 2024, 10:23 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി. ഏഴ് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സ് അണിനിരന്നത്. 3-2-4-1 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ അമാണ്ടോ സാദിക്കു സന്ദര്‍ശകര്‍ക്കായി ആദ്യ ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ മോഹന്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ആറു ഗോളുകള്‍ പിറന്നത്. 54ാം മിനിട്ടില്‍ വിപിന്‍ സിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോള്‍ നേടി.

60ാം മിനിട്ടില്‍ സാദിക്കു ബഗാനായി രണ്ടാം ഗോള്‍ നേടി. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഗോള്‍ തിരിച്ചടിച്ചു.

എന്നാല്‍ 68ാം മിനിട്ടില്‍ ദീപക് താന്‍ഗ്രിയിലൂടെ ബഗാന്‍ മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജേസണ്‍ കമ്മിന്‍സ് ബഗാന്റെ നാലാം ഗോള്‍ നേടി തൊട്ടടുത്ത നിമിഷം ദിമിത്രിയോസിലൂടെ കേരളം മൂന്നാം ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ 4-3ന്റെ ത്രില്ലര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും 12 വിജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമായി 29 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

മാര്‍ച്ച് 30ന് ജംഷെഡ്പൂര്‍ എഫ്.സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ജംഷെഡ്പൂരിന്റെ തട്ടകമായ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോബ്ലക്‌സിലാണ് മത്സരം നടക്കുക.

അതേസമയം മാര്‍ച്ച് 31ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയാണ് ബഗാന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Mohun Bagan beat Kerala Blasters in ISL