കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ദേഷ്യം തോന്നിയിട്ട് കാര്യമില്ല, നമുക്കും താത്പര്യം വേണം: മോഹൻലാൽ
Entertainment
കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ദേഷ്യം തോന്നിയിട്ട് കാര്യമില്ല, നമുക്കും താത്പര്യം വേണം: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2024, 1:50 pm

പലരും കഥ പറയാറുണ്ടെന്നും അത് ഇഷ്ടമായില്ല എന്ന് പറയുമ്പോൾ ദേഷ്യം തോന്നിയിട്ട് കാര്യമില്ലെന്നും മോഹൻലാൽ പറയുന്നു.

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസിന്റെ ഭാഗമായി വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും മലൈക്കോട്ടൈ വാലിബൻ ഒരു നല്ല സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

‘വളരെ വ്യത്യസ്തമായൊരു സിനിമ വന്നാൽ ചെയ്യും. നമുക്കും കൂടെ താത്പര്യം വരണമല്ലോ. നമ്മളോട് പലരും ഒരു കഥ പറയുമ്പോൾ അത് ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. നമുക്കും തെറ്റുകൾ പറ്റാം. തെരഞ്ഞെടുക്കുന്ന ചില കഥകൾ ശരിയായി വരാറില്ല.

അതുപോലെ ചില കഥകൾ വളരെയധികം നമ്മളിൽ ആകാംക്ഷയുണ്ടാകും. അത്തരത്തിൽ പ്രതീക്ഷ ഉണ്ടാക്കിയ ഒരു സിനിമയാണ്. സിനിമയിൽ ചേർന്ന് കഴിഞ്ഞാൽ നമ്മളും അതിലേക്ക് അറിഞ്ഞോ അറിയാതെയോ ചേർന്നു പോവുകയാണ്. ആ ഒരു പെടൽ വളരെ മനോഹരമായിരുന്നു. അതുകൊണ്ട് ഇതൊരു നല്ല സിനിമയാണെന്നാണ് എന്റെ വിശ്വാസം.

ഒരു അഭിനേതാവ് വരുന്ന കഥാപാത്രങ്ങൾ ചെയ്യേണ്ടി വരുമെന്നും നല്ല കഥകൾ വരുന്നത് ഒരു ഭാഗ്യമാണെന്നും മോഹൻലാൽ പറഞ്ഞു.

‘വരുന്നതെല്ലാം മലൈക്കോട്ടൈ വാലിബൻ പോലുള്ള സിനിമകൾ ആണെന്ന് പറയാൻ കഴിയില്ല. ഒരു നടൻ എന്ന നിലയിൽ എനിക്ക് കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ഭാഗ്യമാണ്. നാളെ എഴുന്നേറ്റ് ഇതുപോലൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചാൽ പറ്റില്ല. അത് എന്നിലേക്ക് വന്ന് ചേരണം. അഭിനേതാക്കൾ എന്ന് പറഞ്ഞാൽ അങ്ങനെയാണ്, നമുക്ക് ചോയ്സ് ഒന്നുമില്ല. വരുന്നത് ചെയ്യണം. നല്ല രസകരമായ സിനിമകൾ വരുക എന്നത് അഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യമാണ്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About How He Choosing Stories