ഡോ. സണ്ണി, കിരീടത്തിലെ സേതുമാധവന്‍.....മോഹന്‍ലാലിന് സവിശേഷമായ കഥാപാത്രങ്ങളിതാ...
ഏറ്റവും സവിശേഷമായി കണക്കാക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അഭിനയിച്ച എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍ തുടങ്ങിയ കഥാപാത്രങ്ങളെ പ്രത്യേകം ഇഷ്ടമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാള മനോരമയിലെ വാര്‍ഷിക പതിപ്പില്‍ ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങള്‍ എന്ന തലക്കെട്ടിലെഴുതിയ അനുഭവക്കുറിപ്പിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ചിലത് എന്റെ ചലച്ചിത്ര ജീവിതത്തില്‍ സവിശേഷ സ്ഥാനത്തുള്ളതായി മനസ്സു കാണുന്നു; കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് എന്നിങ്ങനെ.
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍ കഥകളി നടനാണ്. സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അത്. 1999-ല്‍ ആ ചിത്രം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് കഥകളിക്കു കൂടിയുള്ള അംഗീകാരമായി.
എന്റെ കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകള്‍ എന്റെ മനസ്സിലിരുന്നു ശബ്ദമുയര്‍ത്തുന്നുണ്ട്. പെട്ടെന്നിപ്പോള്‍ ഓര്‍ക്കുന്ന ഒന്ന് ഇംഗ്ലിഷിലാണ് ‘Past means a bucket of ashes’. ബ്ലെസ്സി എഴുതിയതാണ് പ്രണയം എന്ന സിനിമയില്‍,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഓണദിനത്തില്‍ പ്രത്യേകം തയാറാക്കിയ വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ഓണാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ തയാറാക്കിയ പൂക്കളവും വീഡിയോയില്‍ കാണാം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്റെ എമ്പുരാന്‍, ജീത്തു ജോസഫിന്റെ റാം, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രൊജക്ടുകള്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വാലിബനും ബാറോസും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. റാമിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
CONTENT HIGHLIGHTS: MOHANLAL SHARES HIS FAVOURITE CHARACTERS IN HIS MOVIES