മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കേരളമൊട്ടാകെ തരംഗമായി മാറി. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം ചൈനീസ് ഉള്‍പ്പെടെ ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ തരംഗമായി മാറിയിരുന്നു.
ദൃശ്യത്തിന്റെ കഥ തന്നിലേക്ക് എത്തിപ്പെട്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. പല നടന്മാരും കണ്‍വിന്‍സ് ആകാതെ ഒഴിവാക്കിയ സബ്ജക്ടായിരുന്നു ദൃശ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സുഹൃത്തും മാനേജരുമായ ആന്റണി പെരുമ്പാവൂരാണ് ദൃശ്യത്തിന്റെ കഥ കേട്ട് തന്നോട് ഗംഭീരമാണെന്ന് പറഞ്ഞതെന്നും അങ്ങനെയാണ് താന്‍ ആ കഥ കേട്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
അതിഗംഭീര സ്‌ക്രിപ്റ്റാണെന്ന് ആദ്യം കേട്ടപ്പോള്‍ തന്നെ മനസിലായെന്നും അങ്ങനെയാണ് ആ സിനിമക്ക് താന്‍ ഓക്കെ പറഞ്ഞതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഗൃഹനാഥന്റെ കഥ ജീത്തു പറഞ്ഞുവെച്ച രീതി തനിക്ക് ഇഷ്ടമായെന്നും പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തപ്പോള്‍ സന്തോഷം തോന്നിയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും നല്ലൊരു കഥ വന്നുചേര്‍ന്നപ്പോഴാണ് ചെയ്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആദ്യഭാഗത്തെക്കാള്‍ വലിയ റീച്ച് രണ്ടാം ഭാഗം സ്വന്തമാക്കിയെന്നും അത് സന്തോഷം നല്‍കിയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ഷൂട്ടിനായി ഗുജറാത്തിലേക്ക് പോയപ്പോള്‍ ദൃശ്യത്തിന്റെ പേരിലാണ് തന്നെ പലരും തിരിച്ചറിഞ്ഞതെന്നും ദൃശ്യത്തിന്റെ മൂന്നാം ഭാഗം ചെയ്യാന്‍ പോവുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ട തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ദൃശ്യം എന്ന സിനിമ മലയാളത്തില്‍ എല്ലാകാലാവും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. ആ കഥ ആദ്യം പല നടന്മാരും റിജക്ട് ചെയ്ത ഒന്നാണ്. എന്തുകൊണ്ടോ അത് അവര്‍ക്കൊന്നും കണ്‍വിന്‍സായില്ല. അപ്പോഴാണ് എന്റെ സുഹൃത്തും മാനേജരുമായ ആന്റണി പെരുമ്പാവൂര്‍ എന്നോട് ‘ഇങ്ങനെ ഒരു സ്‌ക്രിപ്റ്റുണ്ട്. ഗംഭീരമാണ്, ഒന്നു കേട്ടുനോക്ക്’ എന്ന് പറഞ്ഞത്.
സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ എനിക്കും വളരെയധികം ഇഷ്ടമായി. അത്രമാത്രം ബ്രില്യന്റായിട്ടുള്ള ഒന്നാണ് ആ കഥ. അങ്ങനെയാണ് ഞാന്‍ ദൃശ്യത്തിന് ഓക്കെ പറഞ്ഞത്. സ്വന്തം കുടംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരാളുടെ കഥ എത്ര ഗംഭീരമായാണ് പറഞ്ഞിരിക്കുന്നത്. പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുത്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി.
വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗത്തിന് പറ്റിയ ഒരു കഥ കിട്ടിയപ്പോഴാണ് ഞങ്ങള്‍ ദൃശ്യം 2 ചെയ്തത്. അത് ലോകം മുഴുവന്‍ റീച്ച് നേടി. ഗുജറാത്തില്‍ എമ്പുരാന്റെ ഷൂട്ടിനായി പോയപ്പോള്‍ അവിടെയുള്ള പലരും എന്നെ തിരിച്ചറിഞ്ഞത് ദൃശ്യത്തിലെ നടന്‍ എന്ന നിലയിലാണ്. മലയാളത്തില്‍ പാന്‍ ഇന്ത്യന്‍ റീച്ച് ദൃശ്യം 2 നേടിക്കൊടുത്തു. ഇപ്പോള്‍ ഞാനും ജീത്തുവും ദൃശ്യം 3നുള്ള ഒരുക്കത്തിലാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal says that Antony Perumbavoor was the first person told him about the script of Drishyam Movie