Malayalam Cinema
തിയേറ്ററുകളെ കാത്തുനില്‍ക്കാതെ മോഹന്‍ലാലും; ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 01, 02:25 am
Friday, 1st January 2021, 7:55 am

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ നോട്ടങ്ങള്‍ മാത്രമായിട്ടാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ അവസാന ഡയലോഗില്‍ നിന്നാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് പ്രധാന കഥാപാത്രങ്ങളെ കാണിക്കുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ് ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറില്‍ പറയുന്നു.

ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും രാത്രി 12 മണിക്ക് പുതുവര്‍ഷ സമ്മാനമായാണ് ട്രെയ്‌ലര്‍ എത്തിയത്. ജോര്‍ജുകുട്ടിയും കുടുംബവും ഉടന്‍ ആമസോണ്‍ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ദൃശ്യം 2, ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകളെ ഇതുയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal Drishyam 2 trailer out, will coming soon on Amazon Prime