മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് ഉയര്‍ന്നത്. പ്രതിക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നായിരുന്നു പ്രധാന പരാതി.
ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ സിനിമക്കെതിരെ സമൂഹമാധ്യമത്തില്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
‘മരക്കാര്‍ തിയേറ്ററില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയും അവസാനം സിനിമ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. അത് എന്റെ മാത്രം സന്തോഷമല്ല, മറിച്ച് സിനിമ മേഖലയുടെ തന്നെ വലിയ സന്തോഷവും ആനന്ദവുമാണ്. പക്ഷെ എല്ലാത്തിനും എന്നത് പോലെ ഇതിനും ഒരു മറുവശം ഉണ്ട്. ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്. സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്,’ മോഹന്‍ലാല്‍ പറയുന്നു.
‘അത് സിനിമ മേഖലക്കെതിരെയുള്ള ആക്രമണം കൂടിയാണ്. അത് കുറ്റകരമാണ്. അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തികള്‍ അതിന്റെ പരിണിതഫലത്തെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവും ഇല്ല. ഒരു സ്‌ക്രീനിന്റെ മറവില്‍ ഇരുന്ന് കമന്റ് ചെയ്യുമ്പോള്‍ അത് ബാധിക്കുന്നത് സിനിമ മേഖലയെയും അതില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് മരക്കാറിന്റെ മാത്രം പ്രശ്നമല്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഒരു കാരണവും ഇല്ലാതെ നടക്കുന്നുണ്ട്. സിനിമയെ കുറിച്ച് വ്യക്തമായി നിരൂപണം നടത്തുന്നതില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ സിനിമയെ കുറിച്ചും നിരൂപണത്തെ കുറിച്ചും അറിയാതെ വെറുതെ സിനിമയെ കുറിച്ച് മോശം പറയുന്നത് ശരിയല്ല. ഇത്തരം പ്രവണത കൂടുതലും ഇന്നത്തെ യുവ തലമുറയിലാണ് കണ്ട് വരുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.