മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘And the Camera starts Rolling! First day of shoot , Action!’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്യാമറയ്ക്ക് പുറകിലിരുന്ന് ആക്ഷന്‍ പറയുന്നതിന്റെയും നടീനടന്മാര്‍ക്കും ക്യാമറാമാനും നിര്‍ദേശം നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
മോഹന്‍ലാല്‍ പൂര്‍ണ്ണമായും സംവിധായകനായി മാറിക്കഴിഞ്ഞുവെന്നാണ് ആരാധകര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബറോസായെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. പൃഥ്വിരാജും പ്രതാപ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും.
ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു മോഹനന്‍ ആണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്. ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബറോസിന്റെ പൂജയില്‍ മലയാള സിനിമാമേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക