അഫ്ഗാനിസ്ഥാന്‍ – ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം.
പാതും നിസങ്കയുടെ ഇരട്ട സെഞ്ച്വറി കരുത്തില്‍ ശ്രീലങ്ക 381 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 339 റണ്‍സാണ് നേടിയത്.
ലങ്കക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസിനെ ഒരു റണ്‍സിനും ഇബ്രാഹിം സദ്രാനെ നാല് റണ്‍സിനുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടത്. റഹ്‌മത് ഷായും ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും ഏഴ് റണ്‍സ് വീതം നേടിയും ഗുലാബ്ദീന്‍ നയീബ് 16 റണ്‍സിനും പുറത്തായതോടെ അഫ്ഗാന്‍ 55ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
മത്സരം അനായാസം ജയിക്കുമെന്ന പ്രതീക്ഷിച്ച ലങ്കന്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് ആറാം നമ്പറില്‍ ക്രീസിലെത്തിയ മുഹമ്മദ് നബി ബാറ്റ് വീശിയത്. സമ്മര്‍ദഘട്ടത്തില്‍ തന്റെ പരിചയസമ്പന്നത കൈമുതലാക്കിയ നബി യുവതാരം അസ്മത്തുള്ള ഒമര്‍സായിയെ കൂട്ടുപിടിച്ച് അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
തുടര്‍ച്ചയായി നബി ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്യുന്നത് കണ്ടതോടെ ഒമര്‍സായിക്കും ആത്മവിശ്വാസമേറി. ഇരുവരും തകര്‍ത്തടിച്ചതോടെ അഫ്ഗാനിസ്ഥാന്‍ 382 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമോ എന്ന് പോലും തോന്നിച്ചു.
എന്നാല്‍ അഫ്ഗാനിസ്ഥാന്‍ 297 റണ്‍സില്‍ നില്‍ക്കവെ മുഹമ്മദ് നബിയെ പുറത്താക്കി പ്രമോദ് മധുഷാന്‍ ലങ്കക്ക് ബ്രേക് ത്രൂ നല്‍കി. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമായിരുന്നു അത്. 130 പന്തില്‍ 136 റണ്‍സ് നേടിയാണ് നബി മടങ്ങിയത്.
ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ ഒന്നിച്ച നബി-ഒമര്‍സായ് കൂട്ടുകെട്ട് പിരിയുന്നത് 297ലാണ്. 242 റണ്‍സിന്റെ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് ഇവര്‍ക്കിടയില്‍ ഉടലെടുത്തത്.
ഈ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും നബി-ഒമര്‍സായ് ജോഡിയെ തേടിയെത്തി.
ഏകദിനത്തില്‍ ആറാം വിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ഏററവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോഡാണ് ഇതില്‍ ആദ്യത്തേത്. ഇതിനൊപ്പം ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ആറാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് എന്ന നേട്ടവും അഫ്ഗാനിസ്ഥാന് വേണ്ടി ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് കൂട്ടുകെട്ട് എന്ന നേട്ടവും ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി.
നബി പുറത്തായെങ്കിലും ഒമര്‍സായ് ഒരു അവസാന ഘട്ട ആളിക്കത്തലിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ 339 എന്ന നിലയില്‍ അഫ്ഗാന്‍ സിംഹങ്ങള്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 115 പന്ത് നേരിട്ട് 149 റണ്‍സുമായി ഒമര്‍സായ് പുറത്താകാതെ നിന്നു. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു മികച്ച നേട്ടവും അഫ്ഗാനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച ടോട്ടല്‍ എന്ന നേട്ടമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. 2017ല്‍ അയര്‍ലന്‍ഡിനെതിരെനേടിയ 338 റണ്‍സിന്റെ ടോട്ടലാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ 1-0 എന്ന നിലയില്‍ സന്ദര്‍ശകര്‍ പിറകിലാണ്. ഫെബ്രുവരി 11നാണ് പരമ്പരയിലെ അടുത്ത മത്സരം. കാന്‍ഡി തന്നെയാണ് വേദി. പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്ഥാന് വിജയം അനിവാര്യമാണ്.
Content Highlight: Mohammad Nabi and Asmathullah Omarzai created history