ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് സച്ചിന്‍ ടെണ്‍ഡുല്‍ക്കര്‍. ബാറ്റ് കൊണ്ട് മൈതാനത്ത് കവിത രചിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഇന്നിംഗ്‌സുകള്‍ എന്നും കാണികള്‍ക്ക് ഹരമായിരുന്നു.
മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഒട്ടേറെ റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്. ഷോട്ടുകളിലെ മാസ്മരികതയും പിച്ചിലെ മാന്യതയും എന്നും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. സച്ചിന്‍ കളിക്കുന്നത് പോലെ മനോഹരമായി സ്‌ട്രൈറ്റ് ഡ്രൈവ് മറ്റാരെങ്കിലും കളിക്കുമോ എന്ന കാര്യവും സംശയമാണ്.
കളിക്കളത്തിലെ സച്ചിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സച്ചിനൊപ്പം നിരവധി മാച്ചില്‍ പങ്കാളിയായ കൈഫ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലും ഒരാളായിരുന്നു.
‘എല്ലാവരും അദ്ദേഹത്തിന്റെ സ്‌കില്ലുകളെ കുറിച്ചും ടാലന്റിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഉപയോഗിക്കുന്ന ബാറ്റായിരുന്നു അതില്‍ ഏറ്റവും പ്രധാനം.
ഭാരമേറിയ ബാറ്റായിരുന്നു അദ്ദേഹത്തിന്റെ ശക്തി. മറ്റേതെങ്കിവും ഭാരം കുറഞ്ഞ ബാറ്റുകൊണ്ട് ഇതോപോലെ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
എല്ലാവരും പല തരത്തിലുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്. രാഹുല്‍ ദ്രാവിഡ് മറ്റുള്ളവരേക്കാള്‍ എത്രയോ ഭാരം കുറഞ്ഞ ബാറ്റാണ് ഉപയോഗിക്കാറുള്ളത്.
കഠിനമായ പരിശീലനവും സ്‌കില്ലുകളും ഭാരമേറിയ ബാറ്റും അതാണ് സച്ചിനെ എക്കാലത്തേയും മികച്ച കളിക്കാരനാക്കിയത്. ബാറ്റ് മാത്രമാണ് കാരണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല,’ കൈഫ് പറയുന്നു.