national news
'ഇന്ത്യയുടെ ശത്രുക്കള്‍ക്കു പോലും ചെയ്യാന്‍ കഴിയാത്തത് മോദി ഒറ്റയ്ക്കു ചെയ്തു'; രാഹുല്‍ ഗാന്ധി രാംലീലാ മൈതാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 14, 08:17 am
Saturday, 14th December 2019, 1:47 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍. രാംലീലാ മൈതാനത്ത് നടന്ന ഭാരത് ബച്ചാവോ റാലിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. മോദി രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. മോദി ഒറ്റയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

‘രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷേ അദ്ദേഹം അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റില്‍ നിന്നു പണമെടുത്ത് വ്യവസായികള്‍ക്കു നല്‍കി. രണ്ടോ മൂന്നോ വ്യവസായികളാണ് ഈ പണമെല്ലാം എടുത്തത്, എല്ലാ വ്യവസായികളുമല്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അദാനിക്ക് മോദി നല്‍കിയത് 50 കരാറുകളാണ്. നിങ്ങളതിനെ മോഷണമെന്നു വിളിക്കില്ല, നിങ്ങളതിനെ അഴിമതിയെന്നു വിളിക്കില്ല. പിന്നെന്താണു വിളിക്കുക?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി രാജ്യത്തെ വിഭജിക്കുകയാണ്. അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണ്. എല്ലാ ദിവസവും അദ്ദേഹം ടി.വിയിലുണ്ടാകും, മാര്‍ക്കറ്റിങ്ങിനായി.

ജമ്മു കശ്മീരിലേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും നോക്കുക, നിങ്ങള്‍ക്കു കാണാം, ആ മേഖലകള്‍ കത്തുകയാണ്. മോദി രാജ്യത്തെ വിഭജിച്ചു, ദുര്‍ബലപ്പെടുത്തി.’- രാഹുല്‍ പറഞ്ഞു.

സമ്പദ് വ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. ‘ഒമ്പതു ശതമാനത്തില്‍ രാജ്യം വളര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചൈനയുടെയും ഇന്ത്യയുടെയും വിജയത്തെക്കുറിച്ച് ആളുകള്‍ സംസാരിച്ചിരുന്നു. അവര്‍ ‘ചിന്ത്യ’ എന്നാണു വിളിച്ചിരുന്നത്. പക്ഷേ ഇന്നു നമ്മളെ നോക്കുക. കൈയില്‍ ഉള്ളിയുമായാണ് ആളുകള്‍ നില്‍ക്കുന്നത്.

ഇന്ന് ജി.ഡി.പി വളര്‍ച്ച നാലു ശതമാനമാണ്. ജി.ഡി.പി കണക്കാക്കാനുള്ള രീതി ബി.ജെ.പി മാറ്റിയതിനു ശേഷവും. പഴയ രീതിയിലായിരുന്നു കണക്കാക്കുന്നതെങ്കില്‍ ഇത് വെറും 2.5 ശതമാനത്തിലെത്തിയേനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയുടെ ശത്രുക്കള്‍ക്കു നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കണമെന്നുണ്ട്. അവര്‍ക്കതു ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷേ, മോദി ഒറ്റയ്ക്ക് അതു ചെയ്തു.’- അദ്ദേഹം പറഞ്ഞു.