മുംബൈ: പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ഫോര്‍മുലയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്നാണ് മോദി പറഞ്ഞത്. മൂന്നക്ക ലോക്സഭാ സീറ്റ് പോലും നേടാന്‍ കഴിയാത്തവര്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങളെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേക രാഷ്ട്രം ഉണ്ടാക്കുമെന്നാണ് കര്‍ണാടകയിലും തമിഴ്നാട്ടിലും ഇന്ത്യാ സഖ്യം പ്രസംഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം ഇല്ലാതാക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
‘എന്‍.ഡി.എയുടെ വികസന ട്രാക്ക് റെക്കോര്‍ഡുമായി എതിരിടാന്‍ കഴിയില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റി തുടങ്ങി. ദേശവിരുദ്ധ അജണ്ടകളും പ്രീണനങ്ങളും മുന്നോട്ട് വെക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കലാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അജണ്ട,’ മോദി പറഞ്ഞു.
കോണ്‍ഗ്രസിന് ഏറെ പ്രിയപ്പെട്ട ഡി.എം.കെ പാര്‍ട്ടി സനാതന ധര്‍മത്തെ അധിക്ഷേപിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.