വീണ്ടും മോദിയുടെ യൂ ടേണ്‍; 'അയോധ്യയ്ക്ക് കോണ്‍ഗ്രസ് ബാബ്റി പൂട്ടിടുമെന്ന് പറഞ്ഞിട്ടില്ല'
India
വീണ്ടും മോദിയുടെ യൂ ടേണ്‍; 'അയോധ്യയ്ക്ക് കോണ്‍ഗ്രസ് ബാബ്റി പൂട്ടിടുമെന്ന് പറഞ്ഞിട്ടില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 11:47 am

ന്യൂദല്‍ഹി: പറഞ്ഞ പ്രസ്താവനകള്‍ വീണ്ടും തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടുമെന്ന തന്റെ പ്രസ്താവനയാണ് അദ്ദേഹം തിരുത്തിയത്. താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും മോദി പറഞ്ഞു.

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍, ധാര്‍ ജില്ലകളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു മോദിയുടെ വിദ്വേഷ പ്രസ്താവന. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടുമെന്ന പറഞ്ഞ അദ്ദേഹം, അങ്ങനെ സംഭവിക്കാതിരിക്കാന്‍ 400 സീറ്റ് നേടുകയാണ് ബി.ജെ.പി യുടെ ലക്ഷ്യം എന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനകളോരോന്നും വിവാദമായതോടെ പറഞ്ഞ വാക്കുകളെല്ലാം തിരുത്തികൊണ്ടിരിക്കുകയാണ് മോദി.

മോദി തന്റെ പ്രസംഗങ്ങളിലെല്ലാം 400 സീറ്റെന്ന ബി.ജെ.പി യുടെ ലക്ഷ്യത്തെ കുറിച്ച് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്ന് പ്രതിപക്ഷം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ബി.ജെ.പിക്ക് പറഞ്ഞ വാക്കുകളോരോന്നും തിരുത്തേണ്ടി വന്നത്. തുടര്‍ന്ന് വന്ന നിരവധി അഭിമുഖങ്ങളിലും താന്‍ പറഞ്ഞ വാക്കുകളെയെല്ലാം പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് മോദി പറഞ്ഞു.

ഏപ്രില്‍ 23 ന് രാജസ്ഥാനിലെ ബെന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും മോദി ഹിന്ദു-മുസ്‌ലിം  വിദ്വേഷം പറഞ്ഞിരുന്നു. ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യ അവകാശം മുസ്‌ലിങ്ങള്‍ക്ക് ആണെന്ന് അവര്‍ പറഞ്ഞിരുന്നു. രാജ്യത്തെ സ്വത്തെല്ലാം തട്ടിയെടുത്ത് അവര്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും വിതരണം ചെയ്യും,’ എന്നായിരുന്നു മോദിയുടെ പ്രസ്താവന. എന്നാല്‍ വിഷയം ചര്‍ച്ചയായതോടെ, താന്‍ അങ്ങനെ അല്ല ഉദേശിച്ചത് എന്നും ഹിന്ദു- മുസ്‌ലിം എന്ന രീതിയിലേക്ക് കാര്യങ്ങളെത്തുന്ന ദിവസം താന്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നുമായിരുന്നു മോദിയുടെ വാദം .

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗങ്ങളിലെല്ലാം ഹിന്ദു-മുസ്ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അജ്മീറില്‍ നടത്തിയ പ്രസംഗത്തിനിടെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റേത് പോലെയാണെന്നും മോദി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതോടെ ഓരോന്നായി തിരുത്തുകയാണ് മോദി.

Content Highlight: Modi Retracts Again: “I Never Said That” Congress Would Put a ‘Babri-Lock’ on Ram Temple