2022ന്റെ ആരംഭത്തില്‍ ഒമിക്രോണിനെതിരായ വാക്‌സിന്‍ പുറത്തിറക്കും; മൊഡേണ
World News
2022ന്റെ ആരംഭത്തില്‍ ഒമിക്രോണിനെതിരായ വാക്‌സിന്‍ പുറത്തിറക്കും; മൊഡേണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2021, 12:04 am

ബോസ്റ്റണ്‍: ആവശ്യമെങ്കില്‍ 2022ന്റെ ആരംഭത്തില്‍ തന്നെ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരായ വാക്‌സിന്‍ പുറത്തിറക്കുമെന്ന് മൊഡേണ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ ഇന്‍കോര്‍പറേറ്റഡ്.

അമേരിക്കയിലെ പൊതു അവധി ദിവസമായി ആഘോഷിക്കുന്ന ‘താങ്ക്‌സ്ഗിവിങ്’ ദിനത്തിലും ഇതിനായി കമ്പനിയില്‍ തൊഴിലാളികള്‍ ജോലിയെടുത്തിരുന്നെന്ന് മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ ബെര്‍ട്ടന്‍ പറഞ്ഞു.

”നിലവിലുള്ള വാക്‌സിന് സംരക്ഷണം നല്‍കാന്‍ എത്രത്തോളം ശേഷിയുണ്ടെന്ന് വരുന്ന ആഴ്ചകളില്‍ മനസിലാക്കും. പുതിയത് നിര്‍മിക്കേണ്ടി വരികയാണെങ്കില്‍ 2022 ആരംഭത്തില്‍ അത് പുറത്തിറക്കും,” ബെര്‍ട്ടന്‍ പറഞ്ഞു.

മസാചുസെറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊഡേണ ഇന്‍കോര്‍പറേറ്റ്‌സ് mRNA ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടാന്‍ സഹായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒമിക്രോണ്‍ വകഭേദത്തിനെതിരെ നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കുമെന്ന് നേരത്തെ മരുന്നുകമ്പനിയായ ഫൈസറും പ്രഖ്യാപിച്ചിരുന്നു. പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവിലുള്ള വാക്സിനിനോട് പ്രതിരോധിക്കുന്നതായി കണ്ടെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ കൊവിഡ്-19 വാക്‌സിന്റെ അപ്‌ഡേറ്റ് പതിപ്പ് നിര്‍മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്നായിരുന്നു ഫൈസര്‍ അറിയിച്ചത്.

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ
ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഇസ്രഈല്‍, കാനഡ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പല രാജ്യങ്ങളും അന്താരാഷ്ട വിമാന സര്‍വീസുകളടക്കം യാത്രകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണമോ നിരോധമോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വകഭേദം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്, ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Moderna said new vaccine to fight the omicron strain could be ready by early 2022 if required