അദാനിയുമായി ഒരു കരാറുമില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി എം.എം മണി
Kerala News
അദാനിയുമായി ഒരു കരാറുമില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd April 2021, 1:09 pm

ഇടുക്കി: അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെ.എസ്.ഇ.ബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.

‘ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കില്‍ അതല്ലേ വാങ്ങൂ’, മന്ത്രി ചോദിച്ചു.

കെ.എസ്.ഇ.ബി വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് തങ്ങള്‍ അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറില്‍ കെ.എസ്.ഇ.ബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കരാറുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഹരിപ്പാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കയ്യിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറിലാണ് കെ.എസ്.ഇ.ബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറാണ് ഒപ്പുവെച്ചത്. ചെന്നിത്തല ആരോപിച്ചു.

നിലവില്‍ യൂണിറ്റിന് രണ്ടുരൂപാ നിരക്കില്‍ സോളാര്‍ ലഭ്യമാണെന്നിരിക്കേ 2.82 രൂപാ നിരക്കില്‍ ആണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടായിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പില്‍നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതല്‍ കൊടുക്കേണ്ടി വരും.

25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഒരു രൂപക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്രയും വലിയ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MM Mani Gautham Adani Ramesh Chennithala KSEB