ഇന്ത്യക്കായി അരങ്ങേറിയ ആദ്യ പരമ്പരയില്‍ തന്നെ മികച്ച പ്രകടനം നടത്തിയാണ് മലയാളി താരം മിന്നു മണി ആരാധകരുടെ കയ്യടികളേറ്റുവാങ്ങുന്നത്. ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ആദ്യ പരമ്പരയെന്ന ഭയാശങ്കകളൊന്നുമില്ലാതെ പന്തെറിഞ്ഞ മിന്നു അക്ഷരാര്‍ത്ഥത്തില്‍ മിന്നിയിരുന്നു.
ജൂണ്‍ ഒമ്പതിനാണ് മിന്നു ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ താരത്തിന് അവസരം ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച അവസരം ക്യത്യമായി വിനിയോഗിച്ച മിന്നു തുടര്‍ന്നുള്ള മത്സരങ്ങളിലും തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മിന്നു തരംഗമായത്. ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സ് വഴങ്ങിയാണ് മിന്നു ഒരു വിക്കറ്റ് നേടിയത്.
രണ്ടാം മത്സരത്തില്‍ മിന്നു തന്റെ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ഒരു മെയ്ഡന്‍ അടക്കം നാല് ഓവര്‍ പന്തെറിഞ്ഞ മിന്നു വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തിനും ഇന്ത്യയുടെ പരമ്പര നേട്ടത്തിലും മിന്നുവിന്റെ പ്രകടനം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
120 പന്തില്‍ 96 റണ്‍സ് ഡിഫന്‍ഡ് ചെയ്യണമെന്നിരിക്കവെയാണ് മിന്നു ഈ പ്രകടനം പുറത്തെടുത്തത്.
ഇന്ത്യ പരാജയപ്പെട്ട മൂന്നാം മത്സരത്തിലും മിന്നു തിളങ്ങിയിരുന്നു. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഏഴ് എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഷാതി റാണി ബോര്‍മനെയും ദിലാര അക്തറിനെയും പുറത്താക്കിയ മിന്നു, ഷമിമ സുല്‍ത്താനയുടെ റണ്‍ ഔട്ടിലും കയ്യൊപ്പ് പതിപ്പിച്ചിരുന്നു.
Trouble for Bangladesh as Sultana Khatun holes out to Smriti Mandhana at extra cover before Yastika and Minnu Mani combine to run out Shamima Sultana. Bangladesh need 15 in 18 balls.
മൂന്ന് മത്സരത്തില്‍ നിന്നും 11 ഓവര്‍ പന്തെറിഞ്ഞ് 58 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. 11.60 എന്ന ശരാശരിയിലും 13.2 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്.
ഇനിയുള്ള മത്സരത്തിലും ഇതേ പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ മിന്നു ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നുറപ്പാണ്. അടുത്ത വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് ബംഗ്ലാദേശാണ് വേദിയാകുന്നത്.
Content Highlight: Minnu Mani’s brilliant performance in India’s tour to Bangladesh