ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിലെ പൊരുത്തക്കേടുകൾ ഉയർത്തിക്കാട്ടി വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം.
ധനമന്ത്രി നിർമ്മല സീതാരാമനും, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞ രണ്ട് വൈരുദ്ധ്യാമാർന്ന പ്രസ്താവനകൾ ഉയർത്തിക്കാട്ടിയാണ് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ചിദംബരം രംഗത്ത് എത്തിയത്. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ ഇളവുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്ര മന്ത്രിമാരും നടത്തിയ പ്രസ്താവനയിലെ വൈരുദ്ധ്യമാണ് ട്വിറ്ററിലൂടെ ചിദംബരം ചോദ്യമായി ഉയർത്തിയത്.
സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും അഞ്ച് ലക്ഷം കോടിയുടെ കുടിശ്ശിക ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകാൻ ഉണ്ടെന്നായിരുന്നു നിതിൻ ഗഡ്കരി പറഞ്ഞത്. അതേസമയം ഈടില്ലാതെ തന്നെ മൂന്ന് ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം മേഖലയ്ക്ക് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും പ്രഖ്യാപിച്ചു. അപ്പോൾ ഇവിടെ ആരാണ് കൊടുക്കുന്നതും വാങ്ങുന്നതും എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.
Minister Gadkari says that governments and PSUs owe Rs 5 lakh crore as unpaid dues to MSMEs
Minister Sitharaman says she will offer collateral free loan of Rs 3 lakh crore to MSMEs (numbering 45 lakhs)
So, who is the lender and who is the borrower?!
— P. Chidambaram (@PChidambaram_IN) May 15, 2020
വിഷയത്തിൽ രണ്ട് മന്ത്രിമാരും ഒരു ധാരണയിൽ എത്തുമോ എന്ന് പരിഹാസ പൂർവ്വം ചോദിച്ച ചിദംബരം സർക്കാർ സഹായം ഇല്ലാതെ തന്നെ ചെറുകിട ഇടത്തരം വ്യവസായ മേഖല രക്ഷപ്പെടുമോ എന്നും ചോദിച്ചു.
കേന്ദ്ര സർക്കാർ ഏറെ വൈകി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് സഹായം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പയാണ് ഇതിൽ പ്രധാനം. നാലുവർഷമാണ് വായ്പ കാലാവധി. ഒരു വർഷം മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യവസായികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.