തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ പപ്പട ചര്‍ച്ചക്കൊപ്പം കൂടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പപ്പടമില്ലാതെ എന്ത് സദ്യയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വാഴയിലയില്‍ വിളമ്പിയ സദ്യ വിഭവങ്ങളില്‍ രണ്ട് വലിയ പപ്പടത്തിന്റെ പടവും ഉള്‍ക്കൊള്ളിച്ച പോസ്റ്ററിനോടൊപ്പമാണ് മന്ത്രിയുടെ പപ്പട പോസ്റ്റ്. ‘ആരാധകരെ ശാന്തരാകുവിന്‍’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ ഹരിപ്പാട് വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പപ്പട ചര്‍ച്ച ആരംഭിച്ചത്.
മന്ത്രിയുടെ പോസ്റ്റ് ഹരിപ്പാടുകാരെ മനപൂര്‍വം നോവിക്കാനല്ലേയെന്ന് ചിലര്‍ കമന്റ് ചെയ്തു. മന്ത്രിയും ആലപ്പുഴക്കാരെ ട്രോളുകയാണോ?, ഞങ്ങള്‍ ഹരിപ്പാടുകാര്‍ക്ക് കിറ്റില്‍ എക്‌സ്ട്രാ രണ്ട് പപ്പടം വേണമെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്തു.
ഹരിപ്പാട് മുട്ടത്തെ തര്‍ക്കത്തില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നത്.
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയം ഉടമക്ക് കണക്കാക്കുന്നത്.
അതിനിടെ കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധിയും ചിലര്‍ കമന്റില്‍ ചൂണ്ടികാട്ടി. കെ.എസ്.ആര്‍.ടി.സിക്കാരായ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ഓണക്കാലത്ത് പപ്പടമെങ്കിലും കഴിക്കാന്‍ കഴിയുമോ? എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ഓണത്തല്ലിന്റെ റിഹേഴ്‌സലായിരുന്നു. പാവം പഴികേട്ടത് മുഴുവനും പപ്പടത്തിനാണ്,
കിറ്റില്‍ പപ്പടം ഇല്ലാത്തത് വലിയ നഷ്ടം തന്നെയാണ്. ശിപായി ലഹള മലബാര്‍ മാപ്പിള ലഹള ആലപ്പുഴ പപ്പട ലഹള ചരിത്രത്തില്‍ ഇടം നേടി അഭിവാദ്യങ്ങള്‍.
ജനഹൃദയങ്ങള്‍ കീഴടക്കി പപ്പടം ജൈത്രയാത്ര തുടരുന്നു, വടക്കന്‍ കേരളത്തില്‍ ബിരിയാണിക്ക് പപ്പടം ഇല്ല, ഈ അവഗണനക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ കമന്റുകളും മന്ത്രിയുടെ പോസ്റ്റിനടിയില്‍ വന്നു.